ന്യൂഡല്‍ഹി: എന്‍.ഐ.എ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവ്.
എന്‍ഐഎ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഭേദഗതിയില്‍ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് പറയുന്ന ഭാഗം നിര്‍വ്വചിച്ചിട്ടില്ല. അക്കാര്യം നിര്‍വചിക്കേണ്ടതായിട്ടുണ്ട്. എന്‍ഐഎ നിയമഭേദഗതി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാല്‍ ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതി റദ്ദാക്കണമെന്ന് സോളിഡാരിറ്റിയുടെ ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്തെവിടെയും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണ് 2008 ലെ എന്‍ഐഎ നിയമം. എന്‍ഐഎ സംഘത്തിന് കേസ് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഐഎ നിയമം 2019 ല്‍ ഭേദഗതി ചെയ്തിരുന്നു.