എന്‍ഐഎ സംഘത്തിലെ ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍

തിരുവനന്തപുരം: എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷണത്തില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി.

2018 ബാച്ചിലെ എസ്പിമാരില്‍ 11 പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഐപിഎസ് നല്‍കേണ്ടത്. പതിനൊന്ന് തസ്തികകളിലേക്ക് പരിഗണിക്കാനായി 40 എസ്പിമാരുടെ പട്ടികയാണ് ഡിജിപി ശുപാര്‍ശയായി നല്‍കിയത്.
ഇതില്‍ പതിനൊന്നാമത്തെ പേര് എന്‍ഐഎയുടെ അഡീഷണല്‍ എസ്പി എ പി ഷൗക്കത്ത് അലിയുടേതാണ്. ടിപി വധക്കേസ് അന്വേഷിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ കെ വി സന്തോഷ് പട്ടികയിലെ പതിമൂന്നാമനാണ്. സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയില്‍ ഇരുവര്‍ക്കും ഐപിഎസ് ലഭിക്കാനാണ് സാധ്യത. 2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് എസ്പിമാര്‍ക്ക് കേന്ദ്രം ഇപ്പോഴും ഐപിഎസ് നല്‍കേണ്ടതുണ്ട്.

അതിനായി നല്‍കിയ പട്ടിക ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് 2017 ലെ പട്ടിക അനുസരിച്ചു തന്നെ ഐപിഎസ് ലഭിച്ചാല്‍ 2018ലെ പട്ടികയിലുള്ള ഷൗക്കത്ത് അലിയുടെയുയും കെ വി സന്തോഷിന്റേയും സാധ്യത വര്‍ധിക്കുകയും ചെയ്യും.

ഡിജിപി നല്‍കിയ പട്ടികയ്‌ക്കൊപ്പം ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുമുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാകും പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുക. ടി പി വധക്കേസിലെ അന്വേഷണത്തിന് ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷൗക്കത്ത് അലി എന്‍ഐഎയില്‍ ഡെപ്യൂട്ടേഷന്‍ വാങ്ങി പോവുകയായിരുന്നു. കെ വി സന്തോഷ് കുമാര്‍ ഇപ്പോള്‍ െ്രെകംബ്രാഞ്ച് എസ് പിയാണ്.

SHARE