കൊച്ചി: സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഐഎ. സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരേയും കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിശദവിവരങ്ങള്‍ എന്‍ഐഎ വ്യക്തമാക്കിയത്.
തിരുവനന്തപുരം കേന്ദ്രമായാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെ.പി റമീസാണ് സ്വര്‍ണക്കടത്തിലെ മുഖ്യക്കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക് ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും അതിനായി തങ്ങളെ പ്രേരിപ്പിച്ചതും കെപി റമീസാണെന്നും സ്വപ്നയും സന്ദീപും എന്‍ഐഎക്ക് നല്കിയ മൊഴിയില്‍ പറയുന്നു. വിദേശത്തും കേരളത്തിലും വേരുകളുള്ള വലിയൊരു കള്ളക്കടത്ത് ശ്യംഖല തന്നെ റമീസിന് പിന്നിലുണ്ടെന്നാണ് ഇരുവരും എന്‍ഐഎക്ക് നല്കിയ മൊഴിയില്‍ പറയുന്നത്.
കേസിലെ മുഖ്യകണ്ണിയായി കരുതുന്ന റമീസിനെ ഇതിനോടകം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. റമീസിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ അന്വേഷണസംഘം പറയുന്നു. കേസിന്റെ വിശദമായ അന്വേഷണത്തിനായി സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുന്നു.
എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയില് നിന്നും ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്ടോപ്പും പിടിച്ചെടുത്തു. കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങളള്‍ ഇതിലുണ്ട്. ഫോണ്‍ പരിശോധിച്ചതില്‍ പല ടെലിഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇവയെല്ലാം റിക്കവറി ചെയ്ത് തിരികെ ശേഖരിച്ചുവെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലിഗ്രാം ചാറ്റ് ഉപയോഗിച്ചാണ് സ്വപ്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
വന്‍സമ്പാദ്യമാണ് സ്വര്‍ണക്കടത്തിലൂടെ സ്വപ്ന നേടിയതെന്നും വിവിധയിടങ്ങളിലായി വന്‍തോതിലുള്ള നിക്ഷേപം സ്വപ്ന സുരേഷിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ബെംഗളൂരുവിലേക്ക് രക്ഷപ്പെടും മുന്‍പ് എറണാകുളത്ത് നാലിടത്തായി സ്വപ്നയും സന്ദീപും ഒളിച്ചു താമസിച്ചെന്നും എന്‍ഐഎ പറയുന്നു.
പല ഉന്നതരും കേസില്‍ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും ബെംഗളുരൂവില്‍ പ്രതികളെ സഹായിച്ച ശരണ്‍ രമേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും കേരളത്തിലെ പല പ്രമുഖരെക്കുറിച്ചും പ്രതികളില്‍ നിന്നും വിവരം കിട്ടിയെന്നും ഇവരെക്കുറിച്ചെല്ലാം ഇനി വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കസ്റ്റഡിയിലുള്ള സ്വര്‍ക്കടത്ത് കേസ് പ്രതി പി.ആര്.സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. തിരുവല്ലം, കവടിയര്‍ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചാണ് സരിത്തുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ് നിരത്തിയത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാറു തമ്മിലുള്ള ‘രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കാര്‍ഗോ വഴി എത്തിയത് സ്വര്ണമാണെന്നറിയില്ലായിരുന്നുവെന്നും സ്വപ്ന കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ഇതിനായി പണം സമാഹരിച്ചതിനോ സംവിധാനമൊരുക്കിയതിലോ പങ്കില്ല. കോണ്‍സുലേറ്റുമായി താന്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.
അതേസമയം, സ്വപ്നയുടെ പേരില്‍ നേരത്തെ പുറത്തുവന്ന ശബ്ദരേഖയിലും പിണറായി സര്‍ക്കാറിനെ വെള്ളപൂശിയായിരുന്നു പ്രതിയുടെ വാദം. താന്‍ നിരപരാധിയാണെന്നും സ്വപ്ന പറഞ്ഞു. ഒളിവിലിരിക്കെയായയിരുന്നു സ്വപ്നയുടെ പേരില്‍ ശബ്ദരേഖ പുറത്തുവന്നത്. എന്നാല്‍ സ്പന പിന്നീട് ബംഗ്ലൂരില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലാവുകയായിരുന്നു.
സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.