കുന്ദമംഗലം:കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ ഇന്ന് നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ പൗലോസ് എന്നിവരെയാണ് പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂരില്നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. പന്തീരങ്കാവ് മാവോ കേസിലെ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് എന്‍.ഐ.എ അറിയിച്ചത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരിയും കസ്റ്റഡിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം താമസിക്കുന്ന അഭിലാഷിനെയും ഇന്നാണ് കസ്റ്റഡിയിലെടുത്തത്. ചെറുകുളത്തൂര്‍ പരിയങ്ങാട്ടെ വാടക വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചയാണ് എന്‍.ഐ.എ റെയ്ഡ് തുടങ്ങിയത്. പ്രദേശത്ത് ട്യൂഷന് സെന്റര്‍ നടത്തുന്ന വയനാട് സ്വദേശികളായ എല്‍ദോ, ബിജിത്ത് എന്നിവരെ വീട്ടില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശി സജിത്ത് വീട്ടിലില്ല. വീടും പരിസരവും പരിശോധിച്ച സംഘം ലാപ്ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഏറ്റുമുട്ടലില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ സഹോദരന് സി.പി റഷീദിന്റെ വീട്ടിലും പരിശോധനകള്‍ നടന്നു. ഒന്‍പത് മൊബൈല്‍ ഫോണ്‍, രണ്ട് ലാപ്പ്, ഇ റീഡര്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.