ഓട്ടോയില്‍ വേഷം മാറി വീട്ടിലെത്തി, ഫോണ്‍ വിളികള്‍ വിടാതെ പിന്തുടര്‍ന്നു- സ്വപ്‌നയ്ക്കും സന്ദീപിനുമായി എന്‍.ഐ.എ വല വിരിച്ചത് ഇങ്ങനെ

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും വലയിലാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒരുക്കിയത് പഴുതുകളില്ലാത്ത അന്വേഷണം. വേഷം മാറി വീട്ടിലെത്തിയും ഫോണ്‍കോളുകള്‍ നിരന്തരം പിന്തുടര്‍ന്നുമാണ് എന്‍.ഐ.എ പ്രതികളെ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന.

ശനിയാഴ്ച ഉച്ചയ്ക്ക് എന്‍.ഐ.എ സംഘം ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ സന്ദീപിന്റെ വീട്ടിലെത്തിയിരുന്നു. അയല്‍വീടുകളിലും കയറി വിവരങ്ങള്‍ ആരാഞ്ഞു. ആരാണ് എന്നു വെളിപ്പെടുത്താതെ ആയിരുന്നു അന്വേഷണം. സന്ദീപിന്റെ വീട്ടിലെത്തിയ വേളയില്‍ ബന്ധുവിന് വന്ന ഫോണ്‍കോള്‍ നിര്‍ണായകമായെന്നാണ് സൂചന. തൊട്ടുപിന്നാലെ, കസ്റ്റംസ് സംഘം സന്ദീപിന്റെ വീട്ടില്‍ റെയ്ഡിനുമെത്തി.

തിരുവനന്തപുരത്ത് നിന്ന് സ്വപ്‌ന കൊച്ചിയിലാണ് ആദ്യമെത്തിയത്. ഇവടെ വലയിലാക്കാന്‍ കസ്റ്റംസ് സിറ്റി പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നു കളയുകയായിരുന്നു. ബംഗളൂരുവില്‍ സുരക്ഷിതമായ ഇടത്തിനു വേണ്ടിയുള്ള ഫോണ്‍വിളികള്‍ സ്വപ്‌നയെ കുടുക്കിയതായാണ് സൂചന. ഇടവേളയില്‍ സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഓണായതും അന്വേഷണ ഏജന്‍സിയുടെ നീക്കങ്ങള്‍ക്ക് സഹായകമായി.

അതേസമയം, രണ്ടു വഴികളിലായി കൊച്ചിയിലെത്തി കീഴടങ്ങാനാണ് സ്വപ്‌നയോടും സന്ദീപിനോടും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ നീക്കം മുന്നില്‍ക്കണ്ടാണ് എന്‍.ഐ.എ പ്രതികള്‍ക്കു വേണ്ടി പഴുതടച്ച നീക്കം നടത്തിയത്.

എന്‍.ഐ.എ ഡി.വൈ.എസ്.പി രാധാകൃഷ്ണപ്പിള്ളയ്ക്കാണ് കേസിന്റെ അന്വേഷണച്ചുമതല. എന്‍.ഐ.എയ്ക്കു പുറമേ, കസ്റ്റംസ്, ഇ.ഡി, ഡി.ആര്‍.ഐ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്യും.

ലോക്ക്ഡൗണ്‍ കാലത്ത് സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് പൊലീസ് അസോസിയേഷനിലെ തിരുവനന്തപുരം ജില്ലാ നേതാവാണ് എന്ന് സൂചനയുണ്ട്. ഇയാള്‍ക്ക് സന്ദീപ് നായരുമായി അടുത്ത ബന്ധമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സന്ദീപിന്റെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനും ഇയാള്‍ എത്തിയിരുന്നു.