കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 100 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സ്വരൂപ് നഗറിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തത്. 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം നടക്കുന്ന ഏറ്റവും വലിയ നോട്ടുവേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് ആനന്ദ് ഖാത്രി എന്ന കെട്ടിട നിര്‍മാതാവ് അടക്കം 16 പേരെ അറസ്റ്റ് ചെയ്തു.
രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ഒമ്പത് പേരില്‍ നിന്നായി 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ അസാധു നോട്ട് ഇടപാടിനെ സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരം പണിപൂര്‍ത്തിയാകാത്ത വീട്ടിലുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
#WATCH Police seized demonetized currency worth crores from a residential premises in Kanpur. pic.twitter.com/Hh7sLrWwoG
— ANI UP (@ANINewsUP) January 17, 2018
മുറിയില്‍ മെത്തയുടെ രൂപത്തില്‍ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകള്‍. പണം നാലോ, അഞ്ചോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണെന്നാണ് എന്‍ഐഎ പറഞ്ഞു. പ്രമുഖ സോപ്പ് കമ്പനി ഉടമയ്ക്കും ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. അനധികൃത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനത്തിനു ശേഷവും ഇത്രയും പണം സൂക്ഷിച്ചതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായതെന്നും അന്വേഷണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഐ.ജി അലോക് സിങ് വ്യക്തമാക്കി.