കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എൻഐഎയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് കൊച്ചിയിലെത്തും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ് ചോദ്യം ചെയ്ത്. അതേസമയം കേസില്‍ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്കി എന്‍.ഐ.എ. ഗൂഢാലോചന കേന്ദ്രങ്ങളിലടക്കം ശിവശങ്കറിന്റെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ മറ്റ് 11 കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും എന്‍ഐഎക്ക് ലഭിച്ചു.
അഞ്ച് മണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികള്‍ കള്ളമാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. ഇന്ന് നുണപരിശോധനാ യന്ത്രം ഉൾപ്പടെയുള്ളവ ചോദ്യം ചെയ്യലിൽ ഉപയോഗിക്കുമെന്നാണ് സൂചന. അതിനിടെ എന്‍ഐഎ സ്വപ്നയില് നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിലുള്ളത് നിര്‍ണ്ണായക തെളിവുകളെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
സ്വര്‍ണക്കടത്തിലെ കൂടുതല്‍ പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടോയെന്നതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എയുടെ തീരുമാനിച്ചിരുന്നു. പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുന്നതായാണ് സൂചന. എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.