ഫ്രീകിക്ക് ആരെടുക്കും? പി.എസ്.ജിയില്‍ കൂട്ടത്തല്ല്

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനില്‍ (പി.എസ്.ജി) എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. ടീമിന്റെ ഫ്രീകിക്കും പെനാല്‍ട്ടിയും ആരെടുക്കും എന്നതില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇന്നലെ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ലൈവായി കണ്ടു. ഒളിംപിക് ലിയോണിനെതിരായ മത്സരത്തിന്റെ 57-ാം മിനുട്ടില്‍ ഫ്രീകിക്ക് ലഭിച്ചപ്പോഴാണ് പി.എസ്.ജി താരങ്ങള്‍ക്കിടയില്‍ ശുഭകരമല്ലാത്ത തര്‍ക്കം അരങ്ങേറിയത്.

ബോക്‌സിനു പുറത്ത് ലഭിച്ച ഫ്രീകിക്കെടുക്കാന്‍ ആദ്യം മുന്നോട്ട് വന്നത് കവാനിയാണ്. എന്നാല്‍ കിക്കെടുക്കാന്‍ നെയ്മറിന് താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയ ഡിഫന്റര്‍ ഡാനി ആല്‍വസ് മുന്നോട്ടു വന്ന് പന്ത് കൈക്കലാക്കി. ആല്‍വസില്‍ നിന്ന് പന്ത് സ്വന്തമാക്കാന്‍ കവാനി ശ്രമിച്ചെങ്കിലും ബ്രസീല്‍ താരം വിട്ടുകൊടുക്കാതെ പന്ത് നെയ്മറിന് കൈമാറി. കിക്കെടുത്ത നെയ്മറിന്റെ ഷോട്ട് പോസ്റ്റിന് നേരെയായിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ആന്റണി ലോപസ് തടഞ്ഞിട്ടു.

79-ാം മിനുട്ടില്‍ പി.എസ്.ജിക്ക് പെനാല്‍ട്ടി ലഭിച്ചപ്പോഴും കിക്ക് ആരെടുക്കും എന്ന ചോദ്യം ഉയര്‍ന്നുവന്നു. കിക്കെടുക്കാന്‍ തയാറായി നിന്ന കവാനിയോട് നെയ്മര്‍ അവസരം തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, ഉറുഗ്വേ താരം സമ്മതിച്ചില്ല. കവാനിയുടെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ആന്റണി ലോപസ് തടയുകയും ചെയ്തു.