രാജ്യത്തെ പെണ്‍കുട്ടികളെ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് രക്ഷിക്കേണ്ട സ്ഥിതി-രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളെ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് രക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗക്കേസില്‍ പ്രതിയായിട്ട് പോലും ഒരക്ഷരം മിണ്ടാന്‍ മോദി തയ്യാറായിട്ടില്ല. ഇന്ത്യയിലെ സ്ത്രീകള്‍ അരക്ഷിതരാണ്. അതിന്റെ പേരില്‍ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണെന്നും രാഹുല്‍ പറഞ്ഞു.

വനിതാ സംവരണ ബില്‍ നടപ്പാക്കാത്തതിനും രാഹുല്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ സര്‍ക്കാറിന് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കും. അതിനവര്‍ തയ്യാറായില്ലെങ്കില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് ബില്‍ പാസാക്കും-രാഹുല്‍ പറഞ്ഞു. പുരുഷന്‍മാര്‍ മാത്രം രാജ്യം ഭരിച്ചാല്‍ മതിയെന്നാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നയമെന്നും അതുകൊണ്ടാണ് പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളില്‍ ഏറെ പിന്നില്‍ മാത്രം സ്ത്രീകളുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

SHARE