ജലീലിന്റെ ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കുഞ്ഞാലിക്കുട്ടി

മഞ്ചേരി: ചട്ടങ്ങള്‍ മറികടന്ന് ബന്ധുവിന് നിയമനം നല്‍കിയ മന്ത്രി ജലീലിന്റെ സ്വജനപക്ഷപാതപരമായ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിംലീഗ്‌ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യോഗ്യരായ ആളുകള്‍ ഇല്ലാത്തതുകൊണ്ടാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഉന്നത മേഖലയില്‍ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലി ആശിച്ചു കഴിയുന്ന നിരവധി യുവാക്കളാണ് സംസ്ഥാനത്തുള്ളത്. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി മന്ത്രി ജലീലിന്റെ വിഷയത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്ധുവിന് അനധികൃതമായി ജോലി നല്‍കിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. വളരെ ഗൗരവമേറിയ ഒരു വിഷയമായി മുഖ്യമന്ത്രി ഇതിനെ കാണേണ്ടതുണ്ട്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും.
ബന്ധു നിയമനം നടത്തിയെന്ന ആരോപണം ഉയര്‍ന്നത് മുതല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ ബന്ധു നിയമനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ മന്ത്രി അട്ടിമറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ആണെങ്കിലും അല്ലെങ്കിലും സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE