പൗരത്വപ്രശ്‌നം ബി.ജെ.പിയുടെ മുതലെടുപ്പ് തന്ത്രം: ഇ.ടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലാപം വിതച്ച് മുതലെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് അസമില്‍ നാല്‍പത് ലക്ഷത്തോളം വരുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് പുറത്തുനിര്‍ത്തിയതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ‘അസം: ചോദ്യം ചെയ്യപ്പെടുന്ന പൗരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും’ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശീയ ഉന്മൂലന സിദ്ധാന്തവും നിഗൂഢ രാഷ്ട്രീയവുമാണ് പൗരത്വ പ്രശ്‌നത്തിനു പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും സംഘ്പരിവാര്‍ സൃഷ്ടിക്കും. ഭൂരിഭാഗം വരുന്ന മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ് ലക്ഷ്യം. മുസ്‌ലിംകളെ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് നിയമത്തില്‍ മറ്റുസമുദായങ്ങളുടെ മാത്രം പേര് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അസം പ്രശ്‌നത്തെ ചിലര്‍ നിസാരവത്ക്കരിക്കുകയാണ്. ഈ വിഷയത്തില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പാര്‍ലമെന്റിലടക്കം ഇടപെടലുകള്‍ നടത്തുമെന്നും ഇ.ടി. പറഞ്ഞു.

SHARE