അപ്രഖ്യാപിത ഹര്‍ത്താല്‍: അന്വേഷണം കൂടുതല്‍ പേരിലേക്ക്

തിരുവനന്തപുരം: കഠ്‌വ സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കുറിച്ച് പൊലീസിന്റെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദുസംഘടനാ സംഘം നിര്‍മ്മിച്ച പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മറ്റ് ഗ്രൂപ്പുകളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഠ്‌വ സംഭവത്തിന്റ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത അമര്‍നാഥ് ബൈജുവും കൂട്ടരും 14 ജില്ലകളിലെ നിരവധി വാട്‌സ് ആപ് ഗ്രൂപ്പുകളെ ആശ്രയിച്ചിട്ടുണ്ട്. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളില്‍ നിന്നും 14 ജില്ലകളിലെയും അനേകം വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അമര്‍നാഥ് ബൈജുവിന്റെ ഗ്രൂപ്പിന് സമാനമായി വിവിധ ജില്ലകളില്‍ ഈ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ തേടിയാണ് പൊലീസിന്റ അന്വേഷണം പുരോഗമിക്കുന്നത്. ഗ്രൂപ്പുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നത് അറിയാതെയാണ് വടക്കന്‍ കേരളത്തില്‍ ചില സമുദായ സംഘടനകള്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഡി.വൈ.എസ്.പി മോഹനചന്ദ്രന്റ നേതൃത്വത്തിലുള്ള സംഘം ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.

രണ്ട് ലക്ഷത്തിലധികം ഗ്രൂപ്പുകള്‍ ഇതിനകം പൊലീസ് പരിശോധിച്ചുകഴിഞ്ഞു. തിരൂര്‍ സ്വദേശിയായ പതിനാറുകാരന്‍ അഡ്മിനായ ഒരു ഗ്രൂപ്പും പൊലീസിന്റ നിരീക്ഷണത്തിലാണ്. അമര്‍നാഥ് ബൈജു അടക്കമുള്ളവരെ ഹര്‍ത്താലുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും പ്രതികളാക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോക്‌സോ, ഐ.ടി ആക്റ്റ് തുടങ്ങിയ വകുപ്പുകള്‍ ഇതിനകം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

SHARE