ന്യൂസിലാന്റ്: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ കാബിനറ്റ് മന്ത്രിയെ തന്റെ സര്‍ക്കാറില്‍ നിന്നും പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍.
പ്രധാനമന്ത്രിയുടെ മുന്‍ സ്റ്റാഫും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ വ്യക്തിയുമായി, കാബിനറ്റ് മന്ത്രി ഇയാന്‍ ലീസ് ഗാലോവെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ജസീന്ദ ആര്‍ഡെര്‍ന്റെ ഉടനടിയുള്ള നടപടി. ഒരു കീഴുദ്യോഗസ്ഥനുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന് ഇമിഗ്രേഷന്‍ മന്ത്രിയെ പുറത്താക്കിയതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ ബുധനാഴ്ച വ്യക്തമാക്കി.
ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇയാന്‍ ലീസ് ഗാലോവെ. ഗവണ്മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമായി ഇദ്ദേഹം ബന്ധം പുലര്‍ത്തിയതായാണ് പ്രതിപക്ഷ ആരോപണം. മുന്‍സഹപ്രവര്‍ത്തകയുമായി ഇയാന്‍ ലീസിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ പാര്‍ലമെന്റ് പെരുമാറ്റച്ചട്ടം അദ്ദേഹം ലംഘിച്ചെന്ന ആരോപണവുമായി പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെയാണ് ലിബറല്‍ ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ആര്‍ഡെര്‍ന്റെ നടപടി.
കേവലമൊരു സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല ഈ പുറത്താക്കല്‍ നടപടിയെന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും വീഴ്ച വരുത്തിയതിനാലാണ് ഈ പുറത്താക്കാല്‍. താന്‍ മേല്‍നോട്ടം വഹിക്കുന്ന മേഖലയില്‍ ആദ്യം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി ഇയാന്‍ ലീസ്-ഗാലോവേയ്ക്ക് ഒരു വര്‍ഷത്തോളം ബന്ധമുണ്ടായിരുന്നുവെന്ന് ആര്‍ഡെര്‍ന്‍ പറഞ്ഞു.
പ്രത്യേകിച്ചും ജോലിസ്ഥലത്തെ ബന്ധങ്ങളുടെയും സുരക്ഷയുടെയും മേല്‍നോട്ടത്തില്‍ ധാര്‍മ്മികത പുലര്‍ത്തുന്നതില്‍ തനിക്ക് ജാഗ്രതയുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും വൈകുന്നേരത്തോടെ ലീസ്-ഗാലോവേയെ ചോദ്യം ചെയ്തതായും ആര്‍ഡെര്‍ന്‍ പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അവരുടെ പെരുമാറ്റങ്ങളെയും ജോലിസ്ഥലത്തെ പ്രശ്നങ്ങളെയും നിഷ്പക്ഷമായി കാണുന്ന നിയന്ത്രകന്റെ ചുമതലയാണ് അദ്ദേഹത്തിന്റെത്. കഴിഞ്ഞ 12 മാസമായി മുന്സഹപ്രവര്ത്തകയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തന്റെ അധികാരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഉപയോഗിച്ചതായും, ജസീന്ദ ആര്‍ഡെര്‍ന്‍ പറഞ്ഞു.
തന്റെ ഔദ്യോഗിക മേഖലയില്‍ പാലിക്കേണ്ട നിലവാരവും സംസ്കാരവും ഒരു മന്ത്രിയെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചതൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ച തായും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 41 കാരനായ ലീസ്-ഗാലോവേ, ആര്‍ഡെര്‍ണിന്റെ തീരുമാനം അംഗീകരിച്ചതായും സംഭവിച്ച തെറ്റില്‍ ക്ഷമ ചോദിച്ചതായും ന്യൂസിലാന്റെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഗാലോവേ പറഞ്ഞു. ”എന്റെ സ്ഥാനത്ത് ഞാന്‍ തികച്ചും അനുചിതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, ഒരു മന്ത്രിയായി തുടരാനാവില്ല,” ലീസ് ഗാലോവേ പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂസിലാന്റ് പാര്‍ലമെന്റിലെ ഇടനാഴിയുടെ ഇരുവശത്തുനിന്നുമുള്ള അഴിമതികളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഇത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന ആരോപണത്തില്‍ പ്രതിപക്ഷ നിയമസഭാംഗമായ ആന്‍ഡ്രൂ ഫാലൂണ്‍ രാജിവച്ചിരുന്നു.