24 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്

വെല്ലിങ്ടണ്‍: കോവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 ദിവസത്തിന് ശേഷമാണ് രാജ്യത്ത് അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ ഏഴിന് ദോഹ, ബ്രിസ്ബന്‍ വഴിയെത്തിയ രണ്ട് യുവതികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ ഓക്‌ലാന്‍ഡിലെ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്.

കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും വിദേശ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാെമന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്‍ഡില്‍ ഇതുവരെ 1,156 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ രാഷ്ട്രത്തിനായിരുന്നു.