ന്യൂയോര്‍ക്കില്‍ മാത്രം പതിനൊന്നായിരത്തിലേറെ മരണങ്ങള്‍; അതിതീവ്ര ഘട്ടം കഴിഞ്ഞു, നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് പകര്‍ച്ചവ്യാധിയിലുണ്ടായ ആള്‍നാശത്തില്‍ അമേരിക്ക ലോകത്ത് ഒന്നാംസ്ഥാനത്ത് എത്തിനില്‍ക്കെ ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം കോവിഡ് -19 മരണസംഖ്യ പതിനൊന്നായിരവും കടന്നു. കോവിഡില്‍ ലോകത്തെതന്നെ മരണഭൂമിയായി മാറിയിരിക്കുകയാണ് യുസിന്റെ ഹൃദയഭാഗമായ നഗരം. നിലവിലെ മരണക്കണക്കില്‍ വീട്ടിലോ നഴ്‌സിംഗ് ഹോമുകളിലോ മരിച്ച നിരവധി ആളുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയറായ ബില്‍ ഡി ബ്ലാസിയോ ഇതിനതം സമ്മതിച്ചിട്ടുണ്ട്.

അതേസമയം, യുഎസ്സില്‍ കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്നും രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും പ്രസിഡന്റ് ട്രംപ് ഇന്നലെ പറഞ്ഞു.
പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകളെന്നും ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നുമാണ് ട്രംപ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രാജ്യത്തെ പഴയതുപോലെ വേണമെന്നും നമ്മള്‍ തിരിച്ചുവരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷമാവും ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് മൂലം 2,600 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഇത് മരണക്കണക്കില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. യുഎസിലെ മൊത്തം കൊറോണ വൈറസ് മരണസംഖ്യ 28,000 ത്തില്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം മാത്രം 2,569 പേര്‍ക്കാണ് യുഎസില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ യുഎസില്‍ രോഗം സ്ഥിരീകരിച്ച 637,359 പേരില്‍ മൊത്തം മരണങ്ങളുടെ എണ്ണം 28,326 ആയി ഉയര്‍ന്നു. ഇത് മറ്റേത് രാജ്യത്തേക്കാളും ഉയര്‍ച്ചയിലാണ്.

SHARE