കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ധനകാര്യ ഇടപാടുകളിലെ ഇളവുകള്‍ക്ക് ജൂലായ് മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വന്നു. എ.ടി.എമ്മില്‍നിന്ന് തുകപിന്‍വലിക്കല്‍, അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മ്യുച്വല്‍ ഫണ്ട്, അടല്‍ പെന്ഷന് യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകള്‍ ബാധകം.
- അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകളുടെ കാലാവധി അവസാനിച്ചു. ചിലബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാലിക്കാത്തവരില്‍നിന്ന് ഈമാസംമുതല്‍ പിഴ ഈടാക്കിയേക്കാം.
- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ മൂന്നുമാസത്തേയ്ക്ക് എ.ടി.എം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു.കാലാവധി കഴിഞ്ഞതിനാല്‍ എ.ടി.എം ഇടപാടുകള്‍ക്ക് മുമ്പത്തെപോലെ നിരക്കുകള്‍ ഈടാക്കും.
3.അടല്‍ പെന്ഷന് യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂണ്‍ 30വരെ നിര്‍ത്തിവെയ്ക്കാന്‍ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസംമുതല്‍ ഇത് പുനഃരാരംഭിക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റുവരെയുള്ള കാലത്തെ വിഹിതത്തില്‍നിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
4.മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ജൂലായ് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. എസ്.ഐ.പി, എസ്.ടി.പി തുടങ്ങിയവവഴിയുള്ള നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ് ഫണ്ടുകള്‍ക്കും ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഹ്രസ്വകാല നിക്ഷേപത്തേയ്ക്ക് വന്‍തുക നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളെയാകും ഇത്കാര്യമായി ബാധിക്കുക.