ക്വാറന്റീന്‍ ദിനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ മത്സരങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് ടി.വി ഇബ്രാഹീം എംഎല്‍എ

കൊണ്ടോട്ടി: ക്വാറന്റീനില്‍ പ്രവേശിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കു മത്സരങ്ങളും സമ്മാനങ്ങളുമായി ടിവി ഇബ്രാഹിം എംഎല്‍എ. കരിപ്പൂര്‍ വിമാനാപകട സമയത്ത് ഓടിയെത്തുകയും സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയും ചെയ്ത നൂറിലേറെ പേര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയുകയാണ്.

ഇവര്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കുന്ന മത്സരങ്ങളുമായാണ് എംഎല്‍എയുടെ കണ്‍ട്രോള്‍ റൂം രംഗത്തെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരുടെ സര്‍ഗ വിചാരങ്ങള്‍ എന്ന പേരില്‍ ഇന്നുമുതല്‍ ക്വാറന്റീന്‍ തീരുംവരെ വ്യത്യസ്ത മത്സരങ്ങള്‍ നടത്തും. രക്ഷാപ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍,കഥ,കവിത,ചിത്രം,ഏകാഭിനയം,ട്രോള്‍,മിമിക്രി,തുടങ്ങിയവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. സലാം തറമ്മല്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു പുസ്തകങ്ങളും എംഎല്‍എ എത്തിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം നടത്തിയ പലരും ദിവസക്കൂലിക്കു ജോലി ചെയ്യുന്നവരാണ്. കൊണ്ടോട്ടി കണ്ടെയ്ന്‍മെന്റ് സോണാക്കിയതിന് പുറമെ ക്വാറന്റീനിലും കഴിയേണ്ടി വന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു സഹായം നല്‍കണമെന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിവി ഇബ്രാഹിം എംഎല്‍എ അറിയിച്ചു.

SHARE