ഇന്ത്യക്ക് പുതിയ പാര്‍ലമെന്റ് കെട്ടിടം വരുന്നു. ത്രികോണാകൃതിയിലുള്ള മൂന്ന് ഗോപുരങ്ങളുള്ള ഈ പാര്‍ലമെന്റ് കെട്ടിടം പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ആണെന്നാണ് പറയുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിക്ക് ഒരു ഭവനവും കൂടി ഉണ്ടാകും. തീര്‍ന്നില്ല, എല്ലാ ഓഫീസുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഭൂഗര്‍ഭ ഷട്ടില്‍ സേവനവുമുണ്ടാകും.
കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പുനര്‍വികസനത്തിന്റെ ഭാഗമായാണ് പദ്ധതി. സപ്തംബര്‍ 13 ന് ഭവനനഗരവികസന വകുപ്പാണ് പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി പ്രഖ്യാപിച്ചത്. ഒക്ടോബറില്‍, ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഡോ. ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് ഇതിനുള്ള കരാര്‍ ലഭിച്ചത്. കമ്പനി 2024 ഓടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.
പാര്‍ലമെന്റ് സമുച്ചയത്തിലെ നിലവിലെ പാര്‍ക്കിംഗ് സൗകര്യമൊരുക്കിയിടത്താണ് പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും നിര്‍മ്മിക്കാന്‍ സാധ്യത. വിഐപികളുടെ വരവും മറ്റുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് അസൗര്യമുണ്ടാകുന്നത് ഇല്ലാതാവുകയും പ്രദേശത്തെ ഗതാഗതം സുഗമമാക്കുന്നതിന് ഇത് സഹായിക്കുമെന്നും പറയുന്നു.
പുനര്‍വികസനത്തിന്റെ ഭാഗമായി നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ മ്യൂസിയമായി മാറും. ലഭിക്കുന്ന വിവരമനുസരിച്ച് അതില്‍ ഒരു ബ്ലോക്കില്‍ 1857 ന് മുമ്പുള്ള ചരിത്രവും മറ്റൊന്നില്‍ 1857 ന് ശേഷമുള്ള ചരിത്രവും വെളിവാക്കുന്ന തരത്തിലായിരിക്കും ഈ മ്യൂസിയം പ്രവര്‍ത്തിക്കുക. നിലവിലുള്ള പൈതൃക ഘടനകളൊന്നും പൊളിച്ചുനീക്കില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പുതിയ ഭവനങ്ങള്‍ നിലവിലെ രാഷ്ട്രപതിഭവന്റെ തൊട്ടടുത്തായി പണികഴിപ്പിക്കപ്പെടും. സെന്‍ട്രല്‍ വിസ്ത യമുന നദിയ്ക്കടുത്തു വരെ വ്യാപിപ്പിക്കാനുംപദ്ധതിയുണ്ട്.
രാഷ്ട്രപതി ഭവന്‍ മുതല്‍ റിഡ്ജ് വരെ നീളുന്നൊരു ‘നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അര്‍ബോറേറ്റം'(ജൈവ വൈവിധ്യ ഉദ്യാനം) തയ്യാറാക്കുവാനും അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനും പദ്ധതിയുണ്ട്. നാഷണല്‍ ആര്‍ക്കിവേസ് കെട്ടിടം വലുതാക്കുക, പൊതു ഇടങ്ങള്‍ വികസിപ്പിക്കുക, ദില്ലി നിവാസികള്‍ക്കും ഇന്ത്യാ ഗേറ്റിന് ചുറ്റുമുള്ള വിനോദസഞ്ചാരികള്‍ക്കും സൗകര്യങ്ങള്‍ നല്‍കുക, സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജോപയോഗം കുറയ്ക്കുക തുടങ്ങിയവയ്ക്ക് പ്രഥമപരിഗണന നല്‍കിക്കൊണ്ടുള്ള ഒരു രൂപകല്പനയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
പുതിയ പാര്‍ലമെന്റിനെക്കുറിച്ച്, ഉദ്യോഗസ്ഥര്‍ പറയുന്നത്, ‘അത്യാധുനിക ശബ്ദസജ്ജീകരണമുള്ള മൂന്ന് ഗോപുരങ്ങളുള്ള ഒരു ത്രികോണ പാര്‍ലമെന്റായിരിക്കും, ഇത് ജനാധിപത്യത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കും. ഈ പുതിയ പാര്‍ലമെന്റിലെ ഓരോ ജാലകവും ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ സവിശേഷമായിരിക്കും. 75 ാം വാര്‍ഷിക സെഷന്‍ 2022 ല്‍ പുതിയ പാര്‍ലമെന്റിനുള്ളില്‍ നടത്തുകയാണ് ലക്ഷ്യം’ എന്നാണ്.
ഇപ്പോഴത്തെ പാര്‍ലമെന്റിന് തൊട്ടടുത്തായിരിക്കും പുതിയ പാര്‍ലമെന്റ്. 900 1000 ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്‌സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയെല്ലാം ഉണ്ടാകും. എല്ലാ എംപിമാരുടെയും ഓഫീസും ഇതില്‍ ഉള്‍പ്പെടുന്നു എല്ലാ എംപിമാരുടെയും ഓഫീസും ഇതില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രി ഭവനും നിര്‍മാണ്‍ ഭവനും കുറഞ്ഞത് 10 അത്യാധുനിക ഓഫീസ് കെട്ടിടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇപ്പോഴുള്ള കെട്ടിടത്തില്‍ വേണ്ടവിധം സ്ഥലമുപയോഗിച്ചിട്ടില്ല. മിക്ക ഓഫീസ് കെട്ടിടങ്ങളും ഇടുങ്ങിയതും കാലഹരണപ്പെട്ടതും അപര്യാപ്തവുമാണ്. എല്ലാ പുതിയ കെട്ടിടങ്ങളുടെയും പുറംഭാഗം പാര്‍ലമെന്റിന്റെയും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടേതിനും സമാനമായിരിക്കും. എന്നാല്‍ അകത്ത് ഉരുക്കും ഗ്ലാസും ഉണ്ടാകും. എട്ട് നിലകളുള്ള ഓരോ ഓഫീസ് കെട്ടിടത്തിനും നടുമുറ്റവും ഇരിപ്പിടവും ഉണ്ടായിരിക്കും എന്നുമാണ് അറിയാനാവുന്നത്.
രാജ്പഥ്, പാര്‍ലമെന്റ് കെട്ടിടം, രാഷ്ട്രപതി ഭവന്‍ എന്നിവ 19111931 കാലഘട്ടത്തില്‍ ആര്‍ക്കിടെക്ടുമാരായ എഡ്വിന്‍ ലൂട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് രൂപകല്‍പന ചെയ്തത്.