തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിക്കുന്നു; നഗരസഭാ, കോര്‍പ്പറേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടെന്ന് ശിപാര്‍ശ

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനവും രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. ഒാരോ ജില്ലയിലും വിഭജിക്കേണ്ട , പുതുതായി രൂപീകരിക്കേണ്ട ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ വിഭജനത്തിന് തുടക്കമിടാന്‍ ഇന്നലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍, നഗരസഭകളും കോര്‍പ്പറേഷനുകളും വിഭജിക്കുന്നതും വര്‍ധിപ്പിക്കുന്നതും പരിഗണിക്കേണ്ടെന്നും സെക്രട്ടറിതല സമതിയുടെ ശിപാര്‍ശയില്‍ പറയുന്നു.
2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകളും പുനര്‍ നിര്‍ണയം ചെയ്യേണ്ടതും പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടിവരുമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി. പുതിയ മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനും രൂപീകരിക്കേണ്ടെന്നും തീരുമാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പുനസംഘടന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍, ചീഫ് ടൗണ്‍പ്ലാനര്‍, കില ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വിഭജനത്തിനുള്ള നടപടി ആരംഭിക്കുന്നത്.
ഇപ്പോള്‍ വിഭജിക്കേണ്ട പഞ്ചായത്ത് സംബന്ധിച്ച വിശദവിവരം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2011ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തേണ്ടത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 27,430 ആണ്. എന്നാല്‍ പല പഞ്ചായത്തുകളിലും 50,000 ത്തിലധികം ജനസംഖ്യയുണ്ട്.
ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്തുകളോ രൂപീകരിക്കണം. ഇതിന് അടിസ്ഥാനമാക്കാന്‍ കഴിയും വിധം തങ്ങളുടെ മേഖലയില്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ വിശദമായ വിവരം ഈ മാസം 20ന് മുമ്പായി സമര്‍പ്പിക്കാനാണ് നിര്‍ദേശം.
റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സര്‍ക്കാര്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ ലിസ്റ്റ് തയാറാക്കി ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മറ്റിയാണ് അന്തിമമായി പഞ്ചായത്ത് വിഭജനം പൂര്‍ത്തിയാക്കുക. ജനസംഖ്യപരിഗണിച്ച് 40 മുതല്‍ 50 വരെ പുതിയ പഞ്ചായത്തുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റിയായോ മുന്‍സിപ്പിലാറ്റികളെ കോര്‍പറേഷനായോ ഇപ്പോള്‍ ഉയര്‍ത്തില്ല. കഴിഞ്ഞ തവണ രൂപകൊണ്ട നഗരസഭകളുടെ അടിസ്ഥാന സൗകര്യം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുന്നത് കീറാമുട്ടിയാവുന്നത് പരിഗണിച്ചാണ് വിഭജനത്തില്‍ ഒതുക്കുന്നത്.
ആറ് കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളുമാണ് നിലവിലുള്ളത്. 27,430ല്‍ അധികം ജനസംഖ്യ, 32 ച.കി.മീറ്ററിലധികം വിസ്തീര്‍ണ്ണം, 50 ലക്ഷം രൂപയിലധികം തനതു വരുമാനം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് വിഭജന മാനദണ്ഡം.