നിപ: മൂസ്സമൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബറടക്കി, ദഹിപ്പിക്കാനുള്ള നിര്‍ദേശം രമ്യമായി പരിഹരിച്ചു

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കിയില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ മതനേതാക്കളുമായും കുടുംബവുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മൂന്ന് മണിയോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാില്‍ മറവ് ചെയ്തത്.

വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. മതാചാര പ്രകാരമുളള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വ്വഹിക്കാനാണ് അനുമതി നല്‍കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെയും കോഴിക്കോട് തഹസില്‍ദാറുടെയും മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. മൃതദേഹം വൃത്തിയാക്കുന്നതിനും ഖബറടക്കുന്നതിനുമുളള ആളുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സ് െ്രെഡവര്‍ അടക്കമുളള ജീവനക്കാര്‍ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും ധരിപ്പിച്ചതിന് ശേഷമായിരുന്നു മയ്യിത്ത് പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയത്.

പൂര്‍ണ്ണമായും കവറിംഗ് നടത്തിയ മയ്യിത്തിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ എങ്ങിനെ നിര്‍വ്വഹിക്കണമെന്ന് സമസ്ത സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ല്യാരുടെ നിര്‍ദേശ പ്രകാരം നാസര്‍ ഫൈസി കൂടത്തായിയാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആരോഗ്യ മന്ത്രി, ഡോ.എം.കെ എം.കെ മുനീര്‍ എം.എല്‍.എ, ഉമ്മര്‍പാണ്ടികശാല, ജില്ലാ കലക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ ഇടപെട്ടതായി നാസര്‍ ഫൈസി പറഞ്ഞു.

വൈറസ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. പ്രധാനമായും രണ്ട് രീതിയാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിച്ചു കളയുകയെന്നതാണ് ഒന്ന്. മൃതദേഹത്തില്‍ നിന്നും മണ്ണിലൂടെയും മറ്റും വൈറസ് വ്യാപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ചില മതവിശ്വാസങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

പത്തടിയിലധികം താഴ്ചയില്‍ പ്രത്യേകം കവര്‍ ചെയ്ത് സംസ്‌കരിക്കുന്ന രീതിയാണ് രണ്ടാമതായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ അടക്കമുളള കീടനാശിനികള്‍ സംസ്‌കരിച്ച സ്ഥലത്ത് വിതറി അണുബാധയുടെ വ്യാപനത്തെ തടയാനുളള സംവിധാനങ്ങള്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. സാധാരണ ആറടിയിലാണ് മൃതദേഹങ്ങള്‍ മറമാടുന്നത്. ഇത് സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടനക്കുളളത്. നിയമം, ആരോഗ്യ വകുപ്പ്, മതകാര്യം, ജനവികാരം യു.എന്‍ നിര്‍ദേശം എന്നിവയെല്ലാം ഒരേപോലെ പാലിച്ചാണ് ഇന്നലെ മൂസയുടെ മയ്യിത്ത് ഖബറടക്കിയത്.