പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: പരീക്ഷയില്‍ തോല്‍പ്പിക്കുമന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തതിനെതുടര്‍ന്ന് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്.

ഇന്നലെ കാലത്താണ് രക്ഷിതാക്കള്‍ കുട്ടിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി മയൂര്‍ വിഹാര്‍ പൊലീസ് അറിയിച്ചു.മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, സ്‌കൂളിന്റെ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും അറസ്റ്റു ചെയ്തു.

അധ്യാപകര്‍ക്കെതിരെ ഐ.പി.സി 306, 506, 354 വകുപ്പുകള്‍ പ്രകാരം പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തതെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.