ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കാലവര്‍ഷം കനക്കാന്‍ സാധ്യത

അടുത്ത 48 മണിക്കൂറിനുള്ളില്‍ കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി)മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിലാണ് ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത ഐഎംഡി അറിയിച്ചത്.

തുടര്‍ സ്ഥിഗതിഗതികള്‍ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം സംബന്ധിച്ച് കൂടുതല്‍ വ്യക്തമാവുമെന്നും ഐഎംഡി അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം മൂലം ജൂണ്‍ 9 മുതല്‍ 11 വരെ ഒഡീഷ, വടക്കന്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദര്‍ഭ മേഖല, ഗംഗാറ്റിക് പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദക്ഷിണ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജൂണ്‍ 10, 11 തീയതികളില്‍ കനത്ത മഴ ലഭിക്കുമെന്നും ഐഎംഡി പ്രവചിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കന്‍ കര്‍ണാടകയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കോസ്റ്റ എന്നിവിടങ്ങളിലേക്ക് മുന്നേറുന്നതിന് ഈ അവസ്ഥ അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

അതേസമയം, കേരളത്തില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ അടുത്ത നാല് ദിവസം മധ്യ കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയുംചൊവ്വാഴ്ച്ച അഞ്ച് ജില്ലകളിലും ബുധനാഴ്ച്ച ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഇന്ന് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്, വൈത്തിരിയിലാണ് ഒന്‍പത് സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ വൈത്തിരിയില്‍ ലഭിച്ചത്. വടകരയില്‍ ഏഴും ഒറ്റപ്പാലത്ത് ആറും സെന്റിമീറ്ററും മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിന് വീശാന്‍ സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കി.