പ്രതിഷേധത്തിന്റെ മുഖമായി പുതിയ നേതാവ്; ആവേശമായി ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പൊരാട്ടത്തിന്റെ മുഖമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മാറുന്നു. പൗരത്വനിയമത്തെ സ്വാഗതം ചെയ്ത് സംഘപരിവാറിനൊപ്പം നിന്ന ഡല്‍ഹി ഇമാമിനെ തള്ളി ആയിരങ്ങള്‍ ചന്ദ്രശേഖര്‍ ആസാദിനൊപ്പം നിലയുറപ്പിച്ചതോടെ മോദി സര്‍ക്കാറിനെതിരായ പൊരാട്ടത്തിന്റെ അപ്രതീക്ഷിത മുഖമായി ആസാദ് മാറുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണു സംഭവങ്ങളുടെ തുടക്കം. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി. ജുമാ മസ്ജിദ് മുതല്‍ ജന്തര്‍ മന്തര്‍ വരെയായിരുന്നു പ്രതിഷേധം. ഭീം ആര്‍മി നേതാവിനെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങിയതോടെ ചന്ദ്രശേഖര്‍ ആസാദ് പള്ളിക്ക് അകത്തേക്കു പോയി. നിയമം പിന്‍വലിക്കുന്നതിന് എന്തും സഹിക്കാന്‍ തയാറാണെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ ആ സമയത്തെ പ്രതികരണം. അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ ഞങ്ങള്‍ പള്ളിക്ക് അകത്ത് ഇരിക്കുകയാണ്. ഞങ്ങളുടെ ആള്‍ക്കാര്‍ അക്രമം നടത്തിയിട്ടില്ല– ആസാദ് പറഞ്ഞു.

പള്ളിക്ക് അകത്തുനിന്നും ചന്ദ്രശേഖര്‍ ആസാദ് പുറത്തുവരുന്നതും കാത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു നിരതന്നെ പള്ളിക്കു വെളിയിലുണ്ടായിരുന്നു. ഇതോടൊപ്പം പ്രതിഷേധക്കാരും കൂടിയായതോടെ പള്ളിക്കു ചുറ്റും ജനസമുദ്രം തന്നെ സൃഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി ചന്ദ്രശേഖര്‍ അസാദിനോടു പള്ളിക്ക് അകത്തുനിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം നീണ്ട നാടകീയതയ്ക്കു ശേഷം ശനിയാഴ്ച പുലര്‍ച്ചെ 3.15നാണ് ചന്ദ്ര!ശേഖര്‍ ആസാദ് പള്ളിക്കു പുറത്തെത്തിയത്. ഡല്‍ഹി ഗേറ്റില്‍ നടന്ന അക്രമത്തില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്കു യാതൊരു പങ്കുമില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.

ജുമാ മസ്ജിദിനു പുറത്തേ കനത്ത സുരക്ഷ മറികടന്ന് അകത്തു കടന്നതു എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ മറുപടി ഇങ്ങനെ– എന്റെ പേര് ചന്ദ്രശേഖര്‍ ആസാദ് എന്നാണ്. പൊലീസിന് എന്നെ പിടികൂടാന്‍ സാധിക്കില്ല. ഒരു തൊപ്പിയും ഷാളും ധരിച്ചാണ് മസ്ജിദിനകത്തേക്ക് എളുപ്പത്തില്‍ കയറിയത്. പ്രതിഷേധക്കാര്‍ ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്തര്‍ വരെ നടത്തിയ മാര്‍ച്ച് !ഡല്‍ഹി ഗേറ്റിനു സമീപത്ത് പൊലീസ് തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിചാര്‍ജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ കാര്‍ അഗ്‌നിക്കിരയാക്കി. നിരവധി വാഹനങ്ങളും തകര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറയുന്നത്. ജാമിയ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി എല്ലാവരും പ്രതിഷേധിക്കണം. അക്രമം നടത്തുന്നവര്‍ ഞങ്ങളുടെ ആള്‍ക്കാരല്ല. ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിലാണു ഞങ്ങളുടെ സമാധാപരമായ പ്രതിഷേധം. അംബേദ്കറൈറ്റുകള്‍ ഹിംസയുണ്ടാക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘രാവണ്‍’ എന്ന പേരില്‍ ജനകീയനായ നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രശേഖര്‍ ആസാദിന്റെ ശബ്ദം രാജ്യതലസ്ഥാനത്തുള്‍പ്പെടെ മുഴങ്ങുന്നു.

രാഷ്ട്രീയക്കാരന്റെ പൊതുശൈലികള്‍ മാറ്റി പിരിച്ചുവച്ച മീശയും മുഖത്തെ സണ്‍ഗ്ലാസും ബുള്ളറ്റിലുള്ള സഞ്ചാരവും സ്‌റ്റൈലന്‍ ലുക്കും യുവാക്കള്‍ക്കിടയില്‍ ആസാദിനെ തരംഗമാക്കി. 2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടന്നു. ഇതിന് ശേഷം പുറത്തുവന്നപ്പോള്‍ ആസാദ് പഴയതിലും കരുത്തനായി മാറുന്നതാണ് രാജ്യം കണ്ടത്.

SHARE