എന്‍.ആര്‍.സി ബഹളത്തിനിടയില്‍ അമിത് ഷാ നടപ്പാക്കുന്ന മറ്റൊരു അപകടകരമായ നിയമം

ന്യൂഡല്‍ഹി: എന്‍.ആര്‍.സിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ അമിത് ഷാ രാജ്യത്ത് അപകടകരമായ ഒരു നിയമം കൂടി നടപ്പാക്കുന്നു. പൗരത്വ ബില്‍ അവതരിപ്പിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ മണിപ്പൂരിലെ നേതാക്കളെ കണ്ടു, മണിപ്പൂരില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പകരം അവര്‍ വെച്ച നിബന്ധന പൗരത്വം കിട്ടാന്‍ പോകുന്ന ബംഗാളി ഹിന്ദുക്കള്‍ മണിപ്പൂരില്‍ വരാന്‍ പാടില്ല, അതിനു വേണ്ടി മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പാക്കണം എന്നായിരുന്നു. അമിത് ഷാ അനുസരിച്ചു. അതിനു വേണ്ട ബില്ല് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പതിവുപോലെ അര്‍ധരാത്രി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു. സന്തോഷ സൂചകമായി ചൊവ്വാഴ്ച മണിപ്പൂരില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയും കൊടുത്തു.

തീര്‍ന്നില്ല, ബില്ല് അവതരണത്തിനുശേഷം ത്രിപുരയില്‍ പ്രക്ഷോഭം തുടങ്ങിയതിനെത്തുടര്‍ന്ന് ത്രിപുരയിലെ നേതാക്കളെ അമിത് ഷാ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. അവര്‍ക്കും അതേ ഡിമാന്‍ഡ് ഐ.എല്‍.പി വേണം. കൊടുക്കാമെന്ന് അമിത് ഷാ പറഞ്ഞു, അവര്‍ സമരം പിന്‍വലിച്ചു, തിരിച്ചുപോയി. തുടര്‍ന്ന് മേഘാലയ നേതാക്കളും അമിത് ഷായെ സന്ദര്‍ശിച്ചു. നിയമസഭയില്‍ പ്രമേയവും പാസാക്കി. ആവശ്യം അതുതന്നെഐ.എല്‍.പി വേണം. ഇനി അസമിലെ പ്രതിഷേധക്കാരും മുന്നോട്ട് വെക്കുന്ന ആവശ്യം ഐ.എല്‍.പി തന്നെയായിരിക്കും. അതും അമിത് ഷാ അനുവദിക്കും.

ഭാവിയില്‍ രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ചയാവാന്‍ പോവുന്ന ഒന്നാണ് ഈ പറയുന്ന ഐ.എല്‍.പി. അതായത് രാജ്യത്തിനകത്ത് നടപ്പാക്കുന്ന വിസ. നിലവില്‍ ഭരണഘടന നല്‍കുന്ന അവകാശമനുസരിച്ച് ഇന്ത്യന്‍ പൗരന് രാജ്യത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനും സ്ഥലം വാങ്ങാനും അവകാശമുണ്ട്. എന്നാല്‍ ഐ.എല്‍.പിയുള്ള സംസ്ഥാനങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ നല്‍കുന്ന വിസാ കാലാവധി കഴിഞ്ഞാല്‍ അവിടെ നിന്ന് പോരണം. സ്ഥലം വാങ്ങാനോ ജോലി ചെയ്യാനോ പറ്റില്ല.

ഒരൊറ്റ രാജ്യം ഒരൊറ്റ നിയമം എന്ന ന്യായം പറഞ്ഞ്കശ്മാരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അമിത് ഷായാണ് ഇപ്പോള്‍ ചോദിക്കുന്നവര്‍ക്കെല്ലാം ഐ.എല്‍.പി കൊടുക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതിനായി രംഗത്ത് വരുമെന്നുറപ്പാണ്. അനുമതി കൊടുത്തില്ലെങ്കില്‍ അവര്‍ സ്വന്തം നിലക്ക് നടപ്പാക്കാനും സാധ്യതയുണ്ട്. ശിവസേനയുടെ മറാത്താ വാദമടക്കം പ്രാദേശികവാദങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പരിചയമില്ലാത്തതല്ല. ചുരുക്കത്തില്‍ ഇന്ത്യക്കകത്ത് തന്നെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ പോലും അനുമതി വാങ്ങേണ്ട അപകടകരമായ സാഹചര്യത്തിലേക്ക് മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ നയിക്കുന്നത്.

SHARE