കര്‍ണാടക: രണ്ടു സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ കോണ്‍ഗ്രസിന്; പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ സ്വതന്ത്ര എം.എല്‍.എമാര്‍ പങ്കെടുക്കുന്നു

ബെംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ക്കിടെ രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന നാളെ രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണമെന്ന കോടതി നിര്‍ദേശയിരിക്കെയാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. യദ്യൂരപ്പ സര്‍ക്കാര്‍അധികാരമേറ്റത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് വിധാന്‍ സഭയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും നാഗേഷും പങ്കെടുത്തു.

സ്വതന്ത്ര എം.എല്‍.എമാരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം ഒപ്പിക്കാനുളള ബി.ജെ.പിയുടെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. െഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള എംഎല്‍എമാരുടെ പിന്തുണ 118 ആയി വര്‍ധിച്ചതായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അവകാശവാദമുന്നയിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിളളല്‍ വീഴ്ത്തി അധികാരം നിലനിര്‍ത്താമെന്ന് സ്വപ്‌നം കാണുന്ന ബി.ജെ.പി്ക്ക് സ്വതന്ത്രരുടെ മലക്കം മറിച്ചില്‍ അമ്പരപ്പ് സൃഷ്ടിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ എംഎല്‍എമാരായ സ്വതന്ത്രര്‍ക്ക് വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്. ആര്‍ ശങ്കറും, നാഗേഷുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഇതില്‍ ആര്‍ ശങ്കറിന്റെയും നാഗേഷിന്റെയും നിലപാടുകളാണ് ബിജെപിയെ ആശങ്കയിലാഴ്ത്തിയത്.

ബി.എസ് യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. ബിജെപി പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. എന്നാല്‍ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചത്.രാവിലെ, ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നതായി യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈകീട്ടോടെ മലക്കം മറിഞ്ഞ ശങ്കര്‍ കോണ്‍ഗ്രസിനോടുളള കൂറ് പ്രഖ്യാപിക്കുകയായിരുന്നു.

റാണെബെന്നൂര്‍ മണ്ഡലത്തില്‍ മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ബി കോളിവാദിനെ പരാജയപ്പെടുത്തിയാണ് ശങ്കര്‍ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ശങ്കര്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസുമായി അകന്ന ശങ്കറിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നാഗേഷ് ബിജെപിയിലേക്ക് എന്ന തരത്തില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തന്നെ എന്ന് ഉറപ്പിച്ച് നാഗേഷ് നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ അടുത്ത അനുയായിയായ നാഗേഷ് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മത്സരിച്ചത്. കോളാര്‍ ജില്ലയില്‍ മള്‍ബാഗല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടിയത്.