മൂന്ന് പേരെക്കൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു;വെളിപ്പെടുത്തലുമായി എസ്.പി

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് വൈകിയിരുന്നെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എസ്പി കെ.ജി.സൈമണ്‍.മൂന്ന് പേരെ കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നെന്നാണ് എസ്.പി പറഞ്ഞത്. കേസില്‍ പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ ജോളി അടക്കം നാലുപ്രതികള്‍ക്കെതിരെയാണ് 1800 പേജുളള കുറ്റപത്രം.

റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍.കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ, വഞ്ചന, തെളിവുനശിപ്പിക്കല്‍ തുടങ്ങി 10 കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുളളത്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല.

ഭര്‍ത്താവായ റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി ഒറ്റയ്‌ക്കെന്നാണു കുറ്റപത്രം.വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇതിലൂന്നിയായിരുന്നു ജോളിയുടെ ആസൂത്രണം.

കൃത്യമായ ആസൂത്രണം ജോളി നടത്തിയിരുന്നു. രണ്ടാംഭര്‍ത്താവ് ഷാജുവിന് റോയ് കൊലക്കേസില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി. റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും കൊല്ലാന്‍ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. റോയ് തോമസിനെ കൊന്നതില്‍ ശക്തമായ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

SHARE