രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്; പ്രസംഗത്തിലൂടെയും പൊള്ളയായ പ്രചാരണത്തിലുടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്: കനയ്യ കുമാര്‍

 

മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് രാജ്യത്ത് മതിയായ പരിഗണ ലഭിക്കുന്നില്ല. അതേസമയം, ഇന്ത്യയില്‍ കലാപം ജനങ്ങളുടെ വീടുകളിലേക്ക് ഇഴഞ്ഞുവരികയാണ്. കുടുംബത്തിലെ അത്താഴ മേശകള്‍ പോലും രണ്ടായി വിഭജിക്കപ്പെടുന്നു. പിതാവ് മതനിരപേക്ഷതയെ പിന്തുണയ്ക്കുന്നുവെങ്കില്‍ മകന്‍ അയാളെ പാക് അനുകൂലി എന്ന് വിളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശനിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിലും ഗ്രാമങ്ങളിലും അതിര്‍ത്തികള്‍ അവവര്‍ വരച്ചുകഴിഞ്ഞു. മുസ്്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ മിനി പാകിസ്താന്‍ എന്നാണ് വിളിക്കുന്നത്. വര്‍ഗീയത അങ്ങേയറ്റം വിഷമയമായി മാറി. ഗ്രാമങ്ങളെ വിഭജിക്കാന്‍ ആര്‍.എസ.്എസിനു കഴിഞ്ഞിട്ടുണ്ട്. കലാപം നടത്താന്‍ പുറത്തുനിന്നും ആളുകളെ അവര്‍ക്കിപ്പോള്‍ ആവശ്യമില്ല. തദ്ദേശവാസികള്‍ അതു ചെയ്തുകൊള്ളും. ഒന്നിച്ച് കളിച്ചവരും പഠിച്ചവരും പറയുന്നത് തങ്ങളുടെ സുഹൃത്തുക്കള്‍ പാകിസ്താന്‍കാരാണെന്നാണ്. പ്രസംഗത്തിലൂടെയും പൊള്ളയായപ്രചാരണത്തിലുടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

SHARE