ടെസ്റ്റ് റാങ്കിങില്‍ കുതിച്ചുയര്‍ന്ന് ബുംറയും സ്‌റ്റോക്‌സും

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയും ആഷസ് ഹീറോ ബെന്‍ സ്‌റ്റോക്‌സിനും റാങ്കിങില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ആദ്യമായി ബുംറ പത്തിനുള്ളില്‍ ഇടം പിടിച്ചു. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ ബുംറ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സ്‌റ്റോക്‌സ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലും സ്‌റ്റോക്‌സ് എത്തി. 13 സ്ഥാനങ്ങള്‍ കയറി 13ാം റാങ്കിലാണ് സ്‌റ്റോക്‌സ് എത്തിയത്.

ബോളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും തുടരുന്നു. ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമത്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുണ്ട്.

ടീമുകളില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്റാണ് ടെസ്റ്റ് റാങ്കിങില്‍ രണ്ടാമതുള്ളത്. ദക്ഷിണാഫ്രിക്ക മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്തുമുണ്ട്.