ആരാധകര്‍ ഞെട്ടലില്‍; ബാര്‍സയിലേക്ക് മടങ്ങണമെന്ന് നെയ്മര്‍

പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്‍സയില്‍ തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന്‍ അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ് മാധ്യമങ്ങള്‍ളാണ് പുറത്തുവിട്ടത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തിനിടെ പി.എസ്.ജിയുമായുണ്ടായ അസ്വാരസ്യമാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ഫ്രഞ്ച് ലീഗിനോട് വിമുഖത പ്രകടിപ്പിച്ച് നെയ്മര്‍ രംഗത്തെത്തിയതായാണ് വിവരം. ഫ്രഞ്ച് ലീഗിന് നിലവാരമില്ലെന്നും ലാലീഗ വിടുമ്പോള്‍ ഇത്രത്തോളം ദയനീമാവും കാര്യങ്ങളെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ നെയ്മര്‍ ഇപ്പോള്‍ ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിക്കുകയാണ്.

അതേസമയം സൂപ്പര്‍ താരത്തിന്റെ നിലപാട് പി.എസ്.ജിക്ക് വലിയ ഷോക്കായിട്ടുണ്ട്. ബാര്‍സയില്‍ നിന്നും ലോക റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മറിനെ പി.എസ്.ജിയിലേക്ക് വിലക്കെടുത്തത്. ലിയോ മെസിയുടെ നിഴലില്‍ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു കൂടുമാറ്റത്തിന്റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാസല്‍ പി.എസ്.ജി.യിലെത്തിയപ്പോള്‍ ഉറുഗ്വേ മുന്നേറ്റ താരം എഡ്ഗാര്‍ കവാനിയുമായുണ്ടായ പ്രശ്‌നങ്ങള്‍ നെയ്മറിനെ വിവാദത്തിലാക്കുകയായിരുന്നു.

അടുത്ത താരകൈമാറ്റ ജാലകത്തില്‍ ബാര്‍സയുടെ ബന്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്തകള്‍. അതേസമയം പുതിയ റിപ്പോര്‍ട്ടിന് മേല്‍ പി.എസ്.ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.