കര്‍ഷക സമരം അഞ്ചു ദിവസം പിന്നിട്ടു ; ഉത്തരേന്ത്യയില്‍ പാല്‍-പച്ചക്കറി വിതരണം പൂര്‍ണമായും സ്തംഭിച്ചു, വില രണ്ടിരട്ടി: പ്രതികരിക്കാതെ മോദി

കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു. പച്ചക്കറിയും പാലും തെരുവില്‍ വലിച്ചെറിഞ്ഞാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ഇതോടെ ഉത്തരേന്ത്യയില്‍ പാല്‍,പച്ചക്കറി വിതരണം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പത്തുദിവസത്തേക്കാണ് സമരം ആഹ്വാനം ചെയ്തിരുക്കുന്നത്. സമരം ശക്തമായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാല്‍, പച്ചക്കറി, പഴ വര്‍ഗങ്ങളുടെ വില രണ്ടിരട്ടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തില്‍ ഞാറാഴ്ച ഭാരത് ബന്ദിന് കിസാന്‍ ഏകതാ മഞ്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാരാഷട്രയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭ വിജയത്തില്‍ നിന്നും ഊര്‍ജം കൊണ്ടാണ് ഉത്തര്‍ പ്രദേശ്, ഗുജറാത്ത് , ഹരിയാന, ഹിമാചല്‍ പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, കര്‍ണാടക, ജമ്മു കശ്മീര്‍ തുടങ്ങിയ ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകരെ അണിനിരത്തികൊണ്ട് വീണ്ടും കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ ശക്തമായ സമരം തുടരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ‘മന്‍സോര്‍ കര്‍ഷക പ്രക്ഷോഭം’ നടന്ന മധ്യപ്രദേശിലെ മന്‍സോര്‍ തന്നെയാണ് ഇത്തവണയും കര്‍ഷക സമരത്തിന്റെ പ്രധാനകേന്ദ്രം. 2017 ജൂണ്‍ ആറിനു മന്‍സോറില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവല്‍ ആറു കര്‍ഷകരാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച മന്‍സോറില്‍ നടന്ന കര്‍ഷകറാലി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷക കടങ്ങള്‍ മുഴുവന്‍ പത്തുദിവസത്തിനുള്ളില്‍ എഴുതിതള്ളുമെന്ന് പ്രസംഗിച്ചിരുന്നു. അതേസമയം കര്‍ഷക സമരങ്ങള്‍ മാധ്യമ ശ്രദ്ധ നേടാനുള്ള നാടകമായിരുന്നെന്നാണ് കേന്ദ്ര കൃഷി മന്ത്രി രാധാ സിങ് പ്രതികരിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.