പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്ക്കരണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വാട്ട്സ്ആപ്പ്, ഇമെയില്‍ വഴി പരീക്ഷ നടത്താന്‍ ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍. കാമ്പസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ സക്കൂളുകളുടെയും ഡീനുകളും സ്പെഷ്യല്‍ സെന്ററുകളുടെ ചെയര്പേഴ്സണുകളും നടത്തിയ കൂട്ടായ തീരുമാനത്തിലൂടെയാണ് ഇത്തരത്തിലൊരു പരീക്ഷാ പരീക്ഷണത്തിന് പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര പഠന വിഭാഗം ഡീന്‍ അശ്വനി കെ മൊഹപാത്ര അറിയിച്ചു. എന്നാല്‍ പുതിയ പരീക്ഷാ രീതി അന്തിമമായി നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പുതിയ തീരുമാന പ്രകാരം വിദ്യാര്‍ഥികള്‍ക്ക് അതാത് കോഴ്സിലെ അധ്യാപകര്‍ ചോദ്യം പേപ്പറുകള്‍ അയച്ചുകൊടുക്കുമെന്നും വിദ്യാര്‍ഥികള്‍ ഉത്തരങ്ങള്‍ അധ്യാപകര്‍ക്ക് വ്യക്തിഗത നിലയില്‍ ഇമെയില്‍ വഴിയോ വീട്ടില്‍ നിന്നും ഉത്തരങ്ങള്‍ എഴുതിയ പേപ്പറിന്റെ കോപ്പി ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പ് വഴിയോ അയച്ചുകൊടുക്കണമെന്നും അറിയിച്ചു.
ഉത്തരങ്ങള്‍ അയച്ചുകൊടുക്കേണ്ട അവസാന തിയതി ഡിസംബര്‍ 21നാണെന്നും അന്നേ ദിവസം നല്കാന് സാധിക്കാത്തവര്‍ക്ക് ഒരു ദിവസം കൂടി അവസാന അവസരമായി നല്‍കുമെന്നും മൊഹപാത്ര പറഞ്ഞു. വാട്ട്സ്ആപ്പ് വഴി പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ കബളിപ്പിക്കാന്‍ സാധ്യതയില്ലേയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മാത്രമേ വഴിയുള്ളുവെന്ന് മൊഹപാത്ര മറുപടിയായി പറഞ്ഞു.
എന്നാല്‍ ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്, ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് എന്നിവര്‍ പുതിയ ‘പരീക്ഷാ രീതി’ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.