അക്ബര്‍ റോഡിന്റെ പേരില്‍ വീണ്ടും വര്‍ഗീയ നീക്കം: പേര് മാറ്റി പുതിയ പോസ്റ്റര്‍ പതിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാന്‍ വീണ്ടും നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും മുതിര്‍ന്ന നേതാക്കന്‍മാരുടെ വീടും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം ഈ റോഡിന്റെ പേര് മാറ്റാന്‍ ശ്രമമുണ്ടായി. ഡല്‍ഹി കോര്‍പറേഷന്റെ പച്ചയും വെള്ളയും നിറമുള്ള ബോര്‍ഡിന് മുകളില്‍ മഞ്ഞയും കാവിയും നിറത്തില്‍ ഒരു മഹാറാണാ പ്രതാപ് റോഡ് എന്ന് പോസ്റ്റര്‍ പതിക്കുകയായിരുന്നു. പൊലീസെത്തി പോസ്റ്റര്‍ നീക്കം ചെയ്തു.

രാജസ്ഥാനിലെ രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മദിവസമാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 1576ല്‍ ഇദ്ദേഹം അക്ബറിനെതിരെ യുദ്ധം നയിച്ചിരുന്നു. അക്ബര്‍ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്ന് നേരത്തെ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് പരാതി നല്‍കുകയും ചെയ്തു. കേന്ദ്ര മന്ത്രിയായ വി.കെ സിങും ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2015ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പേരിലുള്ള റോഡിന്റെ പേര് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ മാറ്റിയിരുന്നു.

SHARE