മരണം 38 ആയി; ഡല്‍ഹിയില്‍ കൂട്ടപാലായനം

മുദാസിര്‍ ഖാന്റെ മൃതദേഹത്തിനടുത്ത് വിലപിക്കുന്ന കുടുംബം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. ഇന്ത്യയുടെ തലസ്ഥാനത്ത് നാല് ദിവസം തുടര്‍ന്ന അക്രമം മൂന്ന് പതിറ്റാണ്ടിലേറെയായി ഡല്‍ഹി കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപമാണിത്. രാജ്യത്തെ ന്യൂനപക്ഷ മുസ്‌ലിം സമുദായത്തെ വിവേചനപരമായി കാണപ്പെടുത്തുന്ന വിവാദമായ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്ത 200 ലധികം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. നിരവധി കണക്കിന് ആളുകള്‍ക്ക് വെടിയേല്‍ക്കുകയുമുണ്ടായി.

കലാപത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞ വീടുകളിലേക്ക് മൃതദേഹങ്ങള്‍ തിരിച്ചെത്തുന്ന കാഴ്ച താങ്ങനാവുന്നതിലും അപ്പുറമാണ്. കലാപത്തില്‍ കൊല്ലപ്പെട്ട പലരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബ്ന്ധുകളെ ഏല്‍പ്പിച്ചുതുടങ്ങി.

അതേസമയം, ഡല്‍ഹിയില്‍ സംഘ്പരിവാര്‍ കലാപകാരികള്‍ ആസൂത്രിതമായി നടത്തിയ കലാപത്തില്‍ സര്‍വസ്വവും നഷ്ടമായ ഖജൂറിഖാസ്, മൗജ്പൂര്‍ ബാബര്‍പൂര്‍, ഭഗീരഥി വിഹാര്‍ എന്നിവിടങ്ങളിലെ ആളുകള്‍ ഡല്‍ഹിയില്‍ നിന്നും സുരക്ഷിതമായി സ്ഥലം തേടി കൂട്ടപലായനത്തിലാണ്. കലാപത്തിന് ശമനം വന്ന ബുധനാഴ്ച വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങിയ പലര്‍ക്കും ചാരം മാത്രമാണ് ബാക്കിയായത്. മടങ്ങി എത്തിയ ആളുകള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു കാഴ്ചകള്‍. ജീവിതകാലം കൊണ്ട് നേടിയതെല്ലാം ഒരു പിടിചാരമായി മുന്നില്‍ കിടിക്കുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അക്രമികള്‍ ഇവര്‍ താമസിക്കുന്ന ഗലിയിലേക്ക് 1000ത്തോളം വരുന്ന അക്രമി സംഘങ്ങളാണ് ഇരച്ചെത്തിയത്. കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്ക് വീടുകള്‍ കൊള്ളയടിച്ച ശേഷം ജയ്ശ്രീ റാം വിളികളോടെ അട്ടഹസിച്ച് വീടുകള്‍ക്ക് തീയിട്ടാണ് സംഘം മുന്നോട്ട് പോയത്. ഇത്തരത്തില്‍ വസ്തുവകകള്‍ തകര്‍ക്കുകയും കൊല്ലും കൊലയും നടത്തുകയും ചെയ്തു.

ഈ മേഖലയിലെ മുസ്്‌ലിംകള്‍ ഒന്നടങ്കം ഇവിടെ നിന്നും പലായനം ചെയ്യുകയാണ്. ചില വീടുകള്‍ക്ക് നേരെ നേരിട്ട് അക്രമം നടന്നിട്ടില്ലെങ്കിലും സുരക്ഷ ഓര്‍ത്ത് അവരും വീടുവിട്ട് പലായനത്തിന് തയാറായിരിക്കുകയാണ്. ഖജൂറി ഖാസ്, മൗജ്പൂര്‍, ബാബര്‍പൂര്‍, ഭഗീരഥി വിഹാര്‍ ഇവിടങ്ങളിലെല്ലാം മുസ്്‌ലിം വീടുകള്‍ മിക്കതും ഇപ്പോള്‍ കാലിയാണ്. കിട്ടയ സാധനങ്ങളുമെടുത്ത് പലരും വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തിരിക്കുന്നു.

സിഎഎ അനുകൂലികളായ കലാപകാരികള്‍ ലക്ഷ്യമിട്ടതെന്തോ അതാണവര്‍ നേടിയിരിക്കുന്നത്. ജഫ്രാബാദിനെ പ്രതിഷേധ പന്തലുകളും തുടച്ചു നീക്കപ്പെട്ട നിലയാണ്. ചുറ്റും ഭീകരത നിറച്ച് ജയ്ശ്രീറാം മുഴക്കിയാണ് അക്രമക്കൂട്ടം പാഞ്ഞടുത്തത്. കലാപകാരികളുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു. കണ്ടവരെയെല്ലാം അവര്‍ വെടിവെച്ചു. രണ്ടര വയസുള്ള തന്റെ മകളെ പോലും അക്രമികള്‍ വെറുതെ വിട്ടില്ല.

അതേ സമയം ഖജൂറി ഖാസിലെ ഹിന്ദു താസക്കാര്‍ പറയുന്നത് അവര്‍ അയല്‍വാസികളായ മുസ്്‌ലിംകളെ സംരക്ഷിച്ച കാര്യമാണ്. തങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിനും അപ്പുറമായിരുന്നു അക്രമികളുടെ എണ്ണം. അക്രമികള്‍ വീടുകള്‍ക്ക് തീയിടുമ്പോള്‍ നിസഹായരായി നോക്കി നില്‍ക്കാനെ തങ്ങളെക്കൊണ്ട് ആയുള്ളൂവെന്നും താമസക്കാര്‍ പറയുന്നു. കലാപം നക്കിത്തുടച്ച വീട്ടില്‍ നിന്നും ഇനി പെറുക്കി എടുക്കാന്‍ പോലും ഒന്നുമില്ല. ദിവസങ്ങളായി കടകള്‍ അടച്ചിട്ടിരിക്കയാണ്. ഓരോ ദിവസവും സാഹചര്യം കൂടുതല്‍ മോശമായി മാറുന്നു. ഇപ്പോള്‍ പലയിടത്തും മുസ്്‌ലിം താമസക്കാരില്ല. എല്ലാവരും പലായനം ചെയ്തു കഴിഞ്ഞതായാണ് വിവരം.

അതിനിടെ, കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് കേസുകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാവും അന്വേഷണ സംഘങ്ങള്‍. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ രണ്ട് സംഘങ്ങളിലും ഉണ്ടാവും. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിങ്ങിനാവും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. 48 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.