കോവിഡ് ഉണ്ടോ?; ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ സാധിക്കുന്ന ഉപകരണവുമായി ഗവേഷകര്‍

ഒരു വ്യക്തിയുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ നിരവധി ടെസ്റ്റുകളാണ് വിവിധ കമ്പനികളും ലാബുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റുകള്‍ ചെലവേറിയതാണ്.

ഘരാഗപൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ 60 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ സാധിക്കുന്നതും ഏകദേശം 400 രൂപ മാത്രം ചെലവ് വരുന്നതുമായ ഒരു പരിശോധനാ ഉപകരണം വികസിപ്പിച്ചു. എടുത്തുകൊണ്ടുപോകാന്‍ സാധിക്കുന്ന ഈ ഉപകരണത്തില്‍ ചെലവ് വളരെ കുറച്ച് ഉമിനീര്‍ അടിസ്ഥാനമാക്കിയ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കും.കോവിഡ് തിരിച്ചറിയാന്‍ മാത്രമല്ല, ഇതേ ജനിതക ഘടനയുള്ള ഏതു തരത്തിലുള്ള ആര്‍എന്‍എ വൈറസിനെയും തിരിച്ചറിയാന്‍ ഈ ഉപകരണത്തിന് കഴിയും. വരും വര്‍ഷങ്ങളിലും വൈറസ് ബാധ ഉണ്ടായാല്‍ രോഗനിര്‍ണയം നടത്താന്‍ ഈ ഉപകരണം സഹായകമാകും.

2000 രൂപ മാത്രമാണ് ഈ ഉപകരണം നിര്‍മിക്കാന്‍ ഐ ഐ ടി ഗവേഷകര്‍ക്ക് ചെലവായത്. നിലവിലുള്ള RT- PCR ടെസ്റ്റുകളെ അപേക്ഷിച്ചു കൂടുതല്‍ കൃത്യതയുള്ളതാണ് ഈ ടെസ്‌റ്റെന്നും വാണിജ്യാടിസ്ഥാനത്തില്‍ ഈ ഉല്‍പന്നം നിര്‍മിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തങ്ങളെ സമീപിക്കാവുന്നതാണെന്നും ഐ ഐ ടി ഗവേഷകര്‍ പറയുന്നു.

SHARE