രുചി,മണം എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, ഡയറിയ എന്നിങ്ങനെ ഏഴുലക്ഷണങ്ങളാണ് മുന്‍പ് ഉള്‍പ്പെടുത്തിയിരുന്നത്.

വൈറസ് ബാധിതനായുണ്ടാകുന്ന വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്‌ലെറ്റുകള്‍ വഴിയാണ് രോഗം പകരുന്നത്. ഈ ഡ്രോപ്പ്‌ലെറ്റുകള്‍ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതറിയാതെ മറ്റൊരാള്‍ ആ പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണ്, മൂക്ക് എന്നിവയില്‍ അറിയാതെ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ വൈറസ് ബാധയുണ്ടാകും.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങളുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാധ്യത കൂടുതലായിരിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

SHARE