ചെവിയിലെ പഴുപ്പ് കോവിഡ് രോഗലക്ഷണമാകാമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മണവും രുചിയും നഷ്ടമാകല്‍, പേശിവേദന, തലവേദന, അതിസാരം തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി ഒരു രോഗലക്ഷണം കൂടി. ചെവിയിലെ പഴുപ്പാണ് പുതിയ രോഗലക്ഷണം.

കോവിഡ് ബാധിച്ചു മരിച്ച ചില രോഗികളുടെ ഓട്ടോപ്‌സി ഫലങ്ങളാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നത്. ഇവരുടെ തലയില്‍ മിഡില്‍ ഇയര്‍, മാസ്‌റ്റോയിഡ് ഭാഗത്തായി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ചെവിയുടെ മധ്യഭാഗവുമായി ബന്ധപ്പെട്ട ഒപി ചികിത്സയ്ക്ക് വരുന്നവര്‍ പോലും ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജാമ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് രോഗികളില്‍ പലരും ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നതിനാല്‍ ചെവിയുടെ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കണ്ണും മൂക്കും കൊറോണ വൈറസ് ശരീരത്തില്‍ കയറാനുള്ള വഴികളാണെങ്കിലും ചെവിയിലൂടെ വൈറസ് അകത്തേക്കെത്താന്‍ സാധ്യത കുറവാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഭിപ്രായപ്പെടുന്നു. വായിലെയോ മൂക്കിലെയോ കോശസംയുക്തങ്ങളില്‍ നിന്ന് വിഭിന്നമായി ചെവിയുടെ പുറമേയുള്ള കനാലിലെ തൊലി സാധാരണ ചര്‍മമാണ്. ഇത് അകത്തു കയറുന്നതില്‍ നിന്ന് വൈറസിനെ തടയുന്നു.

SHARE