രാജ്യത്ത് കോവിഡ് രോഗികള്‍ എട്ടുലക്ഷം കടന്നു; ഒറ്റദിവസം 27,114 സ്ഥിരീകരണം, 519 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ലോക്ക്ഡൗണ്‍ അണ്‍ലോക്കിലേക്ക് മാറിയതോടെ രോഗികള്‍ ക്രമാതീതമായി ഉയരുന്ന കാഴ്ച്ചയാണ് ഇന്ത്യയില്‍. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍വും രാജ്യത്ത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു.

നിലവില്‍ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 4 ദിവസത്തിനിടെ ഒരു ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലുമാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ മിക്കയിടങ്ങളിലും വീണ്ടും അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഹോട്ട്സ്പോട്ടുകള്‍, സൂപ്പര്‍ സ്പ്രെഡ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവയെല്ലാം കൂടുകയാണ്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 2,38,461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,32,625 പേര്‍ രോഗമുക്തി നേടി. 95,943 പേരാണ് ചികിത്സയിലുള്ളത്. 9,893 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. തമിഴ്നാട്ടില്‍ 1,30,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,829 പേര്‍ മരിച്ചു. 82,324 പേര്‍ രോഗമുക്തി നേടി. 46,108 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,09,140 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 84,694 പേര്‍ രോഗമുക്തി നേടി. 21,146 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.