ന്യൂകാസില്‍ യുണൈറ്റഡ് ഇനി സൗദിക്ക് സ്വന്തം; ഏറ്റെടുക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയുള്ള കമ്പനി

റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള സൗദി അറേബ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്‌ലിയില്‍ നിന്നാണ് സൗദി രാജകുടുംബവുമായി ബന്ധമുള്ള പി.സി.പി കാപിറ്റല്‍ പാട്‌ണേഴ്‌സ് ഓഹരികള്‍ വാങ്ങുന്നത്. 13 വര്‍ഷം ആഷ്‌ലിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 80 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. ബ്രിട്ടീഷ് ബിസിനസ് വുമണ്‍ അമാന്‍ഡ സ്റ്റാവ്ലി നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് സൗദി രാജകുടുംബത്തിന്റെ പൊതു നിക്ഷേപ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക പിന്തുണയുണ്ട്.

429 ദശലക്ഷം യു.എസ് ഡോളറാണ് കണ്‍സോര്‍ഷ്യം ഇതിനായി മുടക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയോടെയാണ് ഏറ്റെടുക്കല്‍ എന്ന് യു.എസ് മാദ്ധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കൈമാറ്റം യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ പരമാധികാര ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് (പി.എഫ്.ഐ).

ന്യൂകാസിലിലെ ബാക്കി വരുന്ന 20 ശതമാനം ഓഹരികള്‍ ബില്യണയര്‍ സഹോദരങ്ങളായ ഡേവിഡിന്റെയും സൈമണ്‍ റൂബന്റെയും പക്കലാണ്. ആഷ്‌ലിയുടെ കാലഘട്ടത്തില്‍ രണ്ടു തവണ ക്ലബ് രണ്ടാം ഡിവിഷിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.

ഇത് ആദ്യമായല്ല പ്രീമിയര്‍ ലീഗില്‍ അറബ് ലോകത്തു നിന്നുള്ള മുതലാളിമാര്‍ പണം മുടക്കുന്നത്. ഷഫീല്‍ഡ് യുണൈറ്റഡ് ക്ലബിന്റെ ഉടമസ്ഥന്‍ അബ്ദുല്ല ബിന്‍ മസ്ഊദ് സൗദിയില്‍ നിന്നുള്ള രാജകുടുംബാംഗമാണ്. മുന്‍നിര ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥനും അറബിയാണ്. യു.എ.ഇ ഉപപ്രധാനമന്ത്രി ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അര്‍ദ്ധസഹോദരന്‍ ശൈഖ് മന്‍സൂര്‍. ഇന്റര്‍നാഷണല്‍ പെട്രോളിയം ഇന്‍വസ്റ്റ്‌മെന്റ് കമ്പനി, അബുദാബി മീഡിയ ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നീ മുന്‍നിര സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മന്‍സൂര്‍. ക്ലബ് അദ്ദേഹം ഏറ്റെടുത്ത ശേഷം മാഞ്ചസ്റ്റര്‍ സിറ്റി നാലു തവണ കിരീടം നേടിയിട്ടുണ്ട്.