സഊദി-ബ്രിട്ടന്‍ ആയുധ കരാര്‍ : എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

ലണ്ടന്‍: സഊദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബ്രിട്ടീഷ് ഭരണകൂടവും സഊദിയും ഒപ്പുവെച്ച ആയുധ കരാര്‍ രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

സഊദി അറേബ്യക്ക് 48 യൂറോഫൈറ്റര്‍ ടൈഫൂണ്‍ പോര്‍വിമാനങ്ങളാണ് ബ്രിട്ടന്‍ വില്‍ക്കുന്നത്. യമനില്‍ അറബ്യ സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കെ കരാര്‍ റദ്ദാക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ കേറ്റ് ഒസാമര്‍ ആവശ്യപ്പെട്ടു. യമനിലെ സൈനിക നടപടിയില്‍നിന്ന് പിന്മാറാന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് അവര്‍ നിര്‍ദേശിച്ചു.

റിയാദിന് ആയുധങ്ങള്‍ വിറ്റ് യുദ്ധകുറ്റകൃത്യങ്ങളില്‍ തെരേസ മേയും പങ്കാളിയാകുകയാണെന്ന് ലേബര്‍ പാര്‍ട്ടി മേധാവി ജെറമി കോര്‍ബിനും ആരോപിച്ചു. ജര്‍മനി സഊദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് റദ്ദാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആംനസ്റ്റി ഇന്റര്‍നാഷണലും ആയുധ കരാറിനെ വിമര്‍ശിച്ചു. യമന്‍ യുദ്ധം തുടങ്ങിയ ശേഷവും സഊദി അറേബ്യക്ക് ബ്രിട്ടന്‍ കോടികളുടെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ടൊര്‍ണാഡോ പോര്‍വിമാനങ്ങളും ടാങ്കുകളും കവചിതവാഹനങ്ങളും ഗ്രനേഡുകളും മിസൈലുകളും ബോംബുകളും ഇതില്‍ പെടും. ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും സഊദിയും തമ്മില്‍ ഉറ്റ ബന്ധമാണുള്ളത്.