ലണ്ടന്‍: കോവിഡ് കുട്ടികളില്‍ താരതമ്യേന അപകട സാധ്യത കുറവാണെന്നായിരുന്നു മഹാമാരിയുടെ തുടക്ക കാലത്തെ കണ്ടെത്തല്‍. പനി, ശ്വാസംമുട്ടല്‍, ചുമ എന്നിങ്ങനെ ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍ അപൂര്‍വമായ കവാസാക്കി രോഗം പോലെ ഒന്ന് കോവിഡ് ബാധിക്കുന്ന കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ശ്വാസകോശത്തിന് പുറമേ തലച്ചോര്‍, നാഡീവ്യവസ്ഥ എന്നിവ അടക്കമുള്ള പ്രധാന അവയവങ്ങളെ വൈറസ് ബാധിക്കുന്നതായും ഈ പഠനങ്ങള്‍ പറയുന്നു. ലണ്ടനിലെ ഗ്രേറ്റ് ഒര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 18 വയസ്സില്‍ താഴെയുള്ള കോവിഡ് ബാധിക്കപ്പെട്ട കുട്ടികളിലാണ് മാര്‍ച്ച് ഒന്നിനും മെയ് എട്ടിനും ഇടയില്‍ പഠനം നടത്തിയത്. ഈ കാലഘട്ടത്തില്‍ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരായ നാലു കുട്ടികളില്‍ നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തി.
എന്നാല്‍ ഇത് സാര്‍സ് കോവ്2 വൈറസിന് മാത്രമായ പ്രത്യേകതയല്ലെന്നും പല വൈറല്‍ അണുബാധകളും തലച്ചോറിനെയും മറ്റും ബാധിക്കാറുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.