കുട്ടനാടിന്റെ പ്രകൃതി ഭംഗി കാണാന്‍ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും


ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തുന്നത്. 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയിട്ടുള്ളത്.

ഫിനിഷിങ് പോയിന്റില്‍ നിന്നും ആരംഭിച്ച് എസ്.എന്‍ ജെട്ടി വഴി തിരികെ ഫിനിഷിങ് പോയിന്റില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഫിനിഷിങ് പോയിന്റില്‍ വന്നിറങ്ങുന്ന സംഘത്തെ സ്വീകരിക്കാനായി പ്രത്യേകം താലപ്പൊലിയേന്തിയ 10 പേരുടെ സംഘം, വേലകളി സംഘം എന്നിവരെ തയ്യാറാക്കിയിട്ടുണ്ട്. രാജാവും രാജ്ഞിയും സഞ്ചരിക്കുന്ന പാതയോരത്ത് ദേശീയ പാതയില്‍ ഇരുരാജ്യങ്ങളുടെയും പതാക സ്ഥാപിച്ചിട്ടുണ്ട്.

ഫിനിഷിങ് പോയിന്റിലേക്കുള്ള വഴിയോരത്തും കായല്‍ യാത്ര ചെയ്യുന്ന കരകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളുടെയും ചെറു കൊടികള്‍ കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും കൈയ്യിലേന്തി ആദരവോടെ വരവേല്‍ക്കും.

ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിയ രാജാവിനെയും സംഘത്തെയും ഗവര്‍ണറുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

SHARE