നേര്യമംഗലത്ത് പെരിയാറിലൂടെ ആന ഒഴുകിയെത്തി, വീഡിയോ

എറണാകുളം: നേര്യമംഗലത്ത് കനത്ത മഴയില്‍ ഇരുകരകളും നിറഞ്ഞൊഴുകുന്ന പെരിയാര്‍ പുഴയിലൂടെ ആന ഒഴുകിയെത്തി. ഇന്നു വൈകീട്ടാണ് സംഭവം. നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പിലും പോലീസിലും ഫയര്‍ ഫോഴ്‌സിലും അറിയിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ താഴേയ്ക്ക് ഒഴുകിപ്പോയ ആനയെ പ്രതികൂല കാലാവസ്ഥ മൂലം കരയ്ക്ക് കയറ്റാനായിട്ടില്ല. നേര്യമംഗലം വനമേഖലയിലെ ആന ആയിരിക്കാമെന്നാണ് നിഗമനം.

നേര്യമംഗലം പാലത്തിനു മുന്‍പായി കുത്തൊഴുക്കില്‍ ആനയെ കണ്ട നാട്ടുകാരാണ് വനപാലകരെ വിവരമറിയിച്ചത്. നേര്യമംഗലം റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്നെങ്കിലും ജഡം കരക്കടുപ്പിക്കാനായില്ല.

പുഴയുടെ നടുവിലൂടെയാണ് ഒഴുകിപ്പോയത്. കനത്ത മഴയില്‍ ആളുകളെ പുഴയിലിറക്കി ജഡം കരയ്ക്കെത്തിക്കുന്നത് അപകടത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഏകദേശം അഞ്ചു വയസോളം പ്രായം തോന്നിക്കുന്ന കുട്ടിയാനയുടെ ജഡത്തിന് മൂന്നു ദിവസത്തോളം പഴക്കം തോന്നിക്കുമെന്നും വനപാലകര്‍ പറഞ്ഞു. രാത്രിയോടെ ജഡം ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. പനംകൂട്ടി വനമേഖലയില്‍ നിന്നാകാം ആനയുടെ ജനം ഒഴുക്കില്‍പ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.

SHARE