ഇന്ത്യയെ ചൊടിപ്പിച്ച് വീണ്ടും നേപ്പാള്‍; പരിഷ്‌കരിച്ച ഭൂപടം യു.എന്നിനും ഗൂഗ്‌ളിനും അയച്ചു കൊടുക്കുന്നു

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച ഭൂപടം നേപ്പാള്‍ യു.എന്നിനും അയച്ചു കൊടുക്കുന്നു. വിഷയത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധവും എതിര്‍പ്പും അറിയിച്ചതിന് പിന്നാലെയാണ് നേപ്പാള്‍ നടപടി. ജൂണ്‍ 13നാണ് ഈ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ രാഷ്ട്രീയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്.

ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചതായി നേപ്പാള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര സമൂഹങ്ങള്‍ക്ക് ഭൂപടം ഉടന്‍ അയച്ചു കൊടുക്കുമെന്ന് നേപ്പാള്‍ ലാന്‍ഡ് മാനേജ്‌മെന്റ് വകുപ്പു മന്ത്രി പത്മ അര്‍യാല്‍ പറഞ്ഞു.

മെയ് രണ്ടാം വാരത്തില്‍ ഹിമാലയന്‍ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് നിര്‍മിച്ച 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ തുറന്നു കൊടുത്തതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായത്.