കാണ്ഠ്മണ്ഡു: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും യുഎന്നിനും അയച്ചു നല്‍കുമെന്ന് നേപ്പാള്‍. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുള്‍പ്പെടുന്നതാണ് പുതിയ ഭൂപടം.
ഓഗസ്റ്റ് പകുതിയോടെ എല്ലാ രാജ്യങ്ങള്‍ക്കും അയച്ച് നല്‍കുമെന്നും, നേപ്പാള്‍ ലാന്‍ഡ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാല്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള 4000 കോപ്പികളാണ് മന്ത്രാലയം അച്ചടിക്കുന്നത്. ഇവയാണ് വിവിധ രാജ്യങ്ങള്‍ക്കും യുഎന്‍ ഏജന്‍സികള്‍ക്കും കൈമാറുക.
മെയ് 20 നാണ് ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്തുള്ള ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. നയതന്ത്രപരമായി അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധവുമാണ് നേപ്പാളിന്റെ നീക്കമെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.