വാരാണസി: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ശ്രീരാമന്റെ പൗരത്വത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല മൊട്ടയടിച്ച് സംഘ് പരിവാര്‍ അക്രമികള്‍. ജയ് ശ്രീറാം, നേപ്പാള്‍ പ്രധാനമന്ത്രി മൂര്‍ദ്ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടാണ് തല മൊട്ടയിടിച്ചത്.
സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു നേതാവ് അരുണ്‍ പഥക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നേപ്പാള്‍ എംബസി ഇടപെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ വിളിച്ച ഉദ്യോഗസ്ഥര്‍ നടപടി ആവശ്യപ്പെട്ടു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും നേപ്പാള്‍ ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ അരുണ്‍ പഥക്ക് ഒരാളുടെ തല മൊട്ടയടിക്കുന്നതായി കാണാം. നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് നേപ്പാള്‍ പൗരന്റെ തല ഇയാള്‍ മൊട്ടയടിച്ചതെന്ന് വാരണാസി സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
വിഡിയോയില്‍ യുവാവ് നിലത്ത് ഇരിക്കുന്നതായും വിശ്വ ഹിന്ദു സേന സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, നേപ്പാള്‍ പ്രധാനമന്ത്രി മൂര്‍ദ്ദാബാദ് എന്ന് വിളിക്കുന്നതായും കാണാം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീരാമന്‍ നേപ്പാളിയാണ് എന്ന് ശര്‍മ ഒലി പറഞ്ഞിരുന്നത്. നേപ്പാളിലെ അയോധ്യ ഗ്രാമത്തിലായിരുന്നു രാമന്‍ ജനച്ചതെന്ന് കെ.പി ഒലി അവകാശപ്പെട്ടിരുന്നു. യു.പിയിലെ അയോദ്ധ്യയുടെ പ്രാധാന്യം കുറയ്ക്കാനല്ല തന്റെ പ്രസ്താവനയെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.