പരാതിയില്‍ ഒപ്പിട്ടില്ല ;അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ചു

അയല്‍ക്കാരായ വീട്ടുകാരില്‍ നിന്ന് കുക്കര്‍ അടപ്പുകൊണ്ട് അടിയേറ്റും കൊടുവാളുകൊണ്ട് വെട്ടേറ്റും അമ്മയ്ക്കും മകനും പരിക്ക്. കോഴിക്കോട് കോവൂരിലാണ് സംഭവം. കോവൂര്‍ മധുരമ്പലം താഴെ ചെക്കണ്ടിയില്‍ ഉസ്മാന്റെ ഭാര്യ ബുഷറയ്ക്കും മകന്‍ ജെസിമിനുമാണ് പരിക്കേറ്റത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അയല്‍ക്കാരായ മെഡിക്കല്‍ കോളജ് റിട്ട.നേഴ്‌സ് സുജാതയും മകള്‍ നീതുവുമാണ് ഇവരെ അക്രമിച്ചത്. സംഭവത്തില്‍ സുജാതയെയും മകള്‍ നീതുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു അയല്‍ക്കാരനെതിരെ സുജാത നല്‍കിയ പരാതിയില്‍ സാക്ഷിയായി ഒപ്പിട്ടില്ല എന്ന ദേഷ്യത്തില്‍ തുടങ്ങിയ പ്രശ്‌നം വളര്‍ന്ന് അക്രമത്തിലെത്തുകയായിരുന്നു. തങ്ങളുടെ പെപ്പ് നശിപ്പിച്ചു എന്ന് പറഞ്ഞ് അക്രമത്തിന് ഇരയായ ജെസിമിനെതിരെ സുജാത പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നു. സുജാത സ്ഥിരമായി അയല്‍ക്കാര്‍ക്കെതിരെ പരാതി നല്‍കാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഒപ്പിട്ട പരാതി സുജാതക്കെതിരെ നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.