ജവഹര്‍ലാല്‍ നെഹ്‌റു പണ്ഡിറ്റല്ല; ബീഫ് കഴിച്ച ഒരാള്‍ക്ക് പണ്ഡിറ്റാകാന്‍ സാധിക്കില്ല ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു പണ്ഡിറ്റല്ലെന്നും ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ലെന്നും രാജസ്ഥാന്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണ് പണ്ഡിറ്റ് എന്നും അഹൂജ പറഞ്ഞു.

അള്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ മുന്‍പും വിവാദ പ്രസ്താവനകളാല്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശു കടത്താരോപിച്ച് ഒരു യുവാവ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ സമയത്ത് പശുവിനെ കടത്തുന്നവര്‍ക്കും കശാപ്പ് ചെയ്യുന്നവര്‍ക്കും വധ ഭീഷണിയുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.

പശു മാതാവാണ്, കശാപ്പ് ചെയ്യുന്നവരെ കൊലപ്പെടുത്തും എന്നായിരുന്നു വിവാദ പ്രസ്താവന.ഡല്‍ഹി ജെ.എന്‍.യുവില്‍ 300 കോണ്ടവും 200 മദ്യകുപ്പികളും ദിനംപ്രതി കണ്ടെടുക്കുന്നുവെന്ന് അഹൂജ നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. ഹനുമാന്‍ ആദ്യത്തെ ആദിവാസി നേതാവാണെന്ന പ്രസ്താവനയിലൂടെയും ഇദ്ദേഹം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.