‘നീറ്റ്’ പരീക്ഷ ജീവനെടുത്തു; ആത്മഹത്യ ചെയ്തത് സമരത്തിന്റെ മുന്‍നിരയില്‍ നിന്ന അനിത

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏക പരീക്ഷയായി ‘ദേശീയ യോഗ്യതാ, പ്രവേശന പരിശോധന’ (നീറ്റ്) നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. തമിഴ്‌നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ അനിത (17) ആണ്, മെഡിക്കല്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 1200-ല്‍ 1176-ഉം തമിഴ്‌നാട് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 200-ല്‍ 199.76 മാര്‍ക്കും എഞ്ചിനീയറിങ് പരീക്ഷയില്‍ 200-ല്‍ 196.75 മാര്‍ക്കും അനിത നേടിയിരുന്നു.

എന്നാല്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് മാത്രമേ മാനദണ്ഡമാക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ അനിതയുടെ മെഡിക്കല്‍ സ്വപ്‌നങ്ങള്‍ അവതാളത്തിലാവുകയായിരുന്നു. നീറ്റില്‍ 700-ല്‍ 86 മാര്‍ക്ക് മാത്രമേ അനിതയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങില്‍ അനിതക്ക് പ്രവേശനം ലഭിച്ചിരുന്നു.

കൂലിവേലക്കാരനായ അച്ഛന്റെ മകളായ തനിക്ക് നീറ്റ് പരീക്ഷയില്‍ ശോഭിക്കാന്‍ കഴിയില്ലെന്ന് അനിത നേരത്തെ പറഞ്ഞിരുന്നു. സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റിന് ഒരുങ്ങാന്‍ വേണ്ടി ചെലവഴിക്കാനുള്ള പണം തന്റെ കൈവശമില്ലെന്നും അവര്‍ പറഞ്ഞു. അനിതയെപ്പോലെ സംസ്ഥാന ബോര്‍ഡുകള്‍ക്കു കീഴില്‍ പഠിച്ചുവന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്‌നങ്ങള്‍ നീറ്റ് നിര്‍ബന്ധമാക്കിയതു കാരണം വൃഥാവിലായിട്ടുണ്ട്.

ഈയിടെ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാവും അനിതയുടെ ആത്മഹത്യ. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണ് അനിതയുടെ ആത്മഹത്യ എന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. തന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് കാരണമായുണ്ടായ ബുദ്ധിമുട്ടുകള്‍ നിയമസഭയില്‍ അറിയിക്കണമെന്ന് തന്നെ വന്നു കണ്ട അനിത പറഞ്ഞിരുന്നുവെന്നും താന്‍ സഭയില്‍ അവതരിപ്പിച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.