ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ദേശീയ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.
നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് ഈ പരീക്ഷ നടത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കും. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27-ലേക്കും മാറ്റി. കോവിഡ് സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടുന്നത്.
ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഈ പരീക്ഷകള്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍, രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് രംഗത്തെത്തിയത്. 4,000 ത്തോളം എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൊവിഡ് മഹാമാരിയെതുടര്‍ന്ന് രാജ്യത്തിന് പുറത്തു നിന്നും ആളുകള്‍ക്ക് എത്തുവാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.