ലോക്ക്ഡൗണ്‍ കാലം അധികാരികള്‍ ഉപയോഗപ്പെടുത്തേണ്ടിയിരുന്നു; എക്‌സിറ്റ് തന്ത്രം ആവശ്യം; ഡബ്ല്യൂഎച്ച്ഒ ആരോഗ്യ വിദഗ്ധരുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് മഹാമാരിയില്‍ ലോകാരോഗ്യസംഘടനയിലെ ആരോഗ്യ വിദഗ്ധരുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതു ആരോഗ്യ വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ആശിഷ് ഝാ, ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ചവ്യാധി വിദഗ്ധനും സ്ട്രാറ്റജിക് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് അംഗവുമായ പ്രൊഫ. ജോഹാന്‍ ഗീസെക്കെ എന്നിവരുമായാണ് രാഹുല്‍ ഗാന്ധി സംഭാഷണം നടത്തിയത്.

ആരോഗ്യ വിദഗ്ധരുമായി നടത്തിയ സംഭാഷണം രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിട്ടു. കൊവിഡ് മഹാമാരിയുടെ സ്വഭാവം, പരീക്ഷണ തന്ത്രങ്ങള്‍, കൊവിഡിന് ശേഷമുള്ള ലോകം, ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംഭാഷണത്തില്‍ ചര്‍ച്ചയായി.

”വൈറസ് പടരുന്നത് തടയാന്‍ ശ്രമിച്ചാണ് നമ്മള്‍ ലോക്ക്ഡൗ്ണ്‍ നടപ്പിലാക്കുന്നത്. എന്നാല്‍ മനുഷ്യത്വം തീരെയില്ലാത്ത ഒരു വൈറസാണിത്. രോഗം എല്ലാവരിലേക്കും എത്താനാണ് സാധ്യതയുള്ളത് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ആശിഷ് ഝാ പറഞ്ഞു.

ലോക്ക്ഡണ്‍ വഴി നിങ്ങള്‍ക്ക് വൈറസ് വ്യാപനം മന്ദഗതിയിലാക്കാന്‍ കഴിയും, പക്ഷേ ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ കാലയളവില്‍ രോഗ പരിശോധക്കും ചികിത്സക്കുമായുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാനാണ് അധികാരികള്‍ സമയം വിനിയോഗിക്കേണ്ടിയിരുന്നത്. രോഗ വ്യാപനം ഉണ്ടാവുന്ന സമയത്തേക്ക് എല്ലാം ആസൂത്രണം ചെ്‌യ്തു വക്കുകയാണ് വേണ്ടത്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയെ നേരിടാന്‍ സാമ്പത്തികം, സാമൂഹികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ ആഗോള വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിവരികയാണ്.
നേരത്തെ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി എന്നിവരുമായുള്ള രാഹുല്‍ ഗാന്ധിയുടെ സംഭാഷണങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.